ലോകകപ്പ്; ടീമുകൾ പരിക്ക് ഭീഷണിയിൽ

ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ… മത്സരങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ താരങ്ങളിലും ആരാധകരിലും ആവേശം ആർത്തിരമ്പുന്നുണ്ടെങ്കിലും താരങ്ങൾക്ക് സംഭവിക്കുന്ന പരിക്കുകളിൽ ഒരു ചെറിയ ഭയം നിഴലിക്കുന്നില്ലേയെന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം.
കഠിന പരിശ്രമത്തിലൂടെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങികൊണ്ടിരിക്കുന്ന താരങ്ങളെയും ടീമുകളെയും ഒരു തുടർക്കഥപോലെ പരിക്കുകൾ വേട്ടയാടുമ്പോൾ ‘ഇനിയെങ്ങനെ..?’ എന്ന ചോദ്യം മിക്കവരിലും ഉയരുന്നുണ്ട്..ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിലെ പരിക്കുകൾ താരങ്ങളെ പേടിപ്പെടുത്തുന്നതാണ്.
Read also : ‘ലോകകപ്പ്’ അറിയേണ്ടതെല്ലാം…ഒറ്റനോട്ടത്തിൽ
ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട ഇംഗ്ലണ്ടിന്റെ പേസർ മാർക്ക് വുഡും ഓൾറൗണ്ടർ ജോഫ്ര ആർച്ചറും പരിക്കുകളോടെയാണ് കളം വിട്ടിറങ്ങിയത്. ക്യാപ്റ്റൻ ഓയിൻ മോർഗനും വിരളിന് പരിക്കേറ്റിരുന്നു.
ടൂർണമെൻ്റ് ഫേവറിറ്റുകളായ ഇന്ത്യൻ ടീമും പരിക്കിന്റെ പിടിയിലാണ്. ഓപ്പണർ ശിഖർ ധവാനും ഓൾ റൗണ്ടർ വിജയ് ശങ്കറും പരിക്കിന്റെ പിടിയിൽ അകപെട്ടതോടെ പരിക്ക് പേടിയിൽപെടുന്നവരുടെ ടീമിലെ അംഗങ്ങളായി ഇന്ത്യയും മാറി. പരിശീലനത്തിനിടെയാണ് ധവാന് പരിക്കേറ്റത്. നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ശിഖർ ധവാന്റെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു. അതേസമയം പരിശീലനത്തിനിടെ വിജയ് ശങ്കറിന്റെ കൈക്കും പരിക്കേറ്റിരുന്നു. ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾക്കും പരിക്ക് ഭീഷണി നിലനിൽക്കുന്നുണ്ട്.