ലോകകപ്പ് സന്നാഹ മത്സരം: അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം; ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയ ജയത്തിലേക്ക്
അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് മറികടന്നത്. 17. 3 ഓവറിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 89 റൺസെടുത്ത ജേസൺ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ വിജയ ശില്പി.
ആദ്യ വിക്കറ്റിൽ ജോണി ബാരിസ്റ്റോയുമായി 77 രൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ജേസൺ റോയ് അഫ്ഗാൻ ബൗളർമാരെ തല്ലിച്ചതച്ചു. എട്ടാം ഓവറിൽ ബാരിസ്റ്റോ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും ജോ റൂട്ടിനെ കൂട്ടു പിടിച്ച് റോയ് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു.
46 പന്തുകൾ നേരിട്ട റോയ് 11 ബൗണ്ടറികളും 4 സിക്സറുകളും സഹിതമാണ് 89 റൺസ് അടിച്ചു കൂട്ടിയത്. സഹ ഓപ്പണർ ജോണി ബാരിസ്റ്റോ 22 റൺസ് പന്തുകളിൽ 39 റൺസെടുത്തു. ജേസൺ റോയിയോടൊപ്പം 37 പന്തുകളിൽ 29 റൺസെടുത്ത ജോ റൂട്ടും പുറത്താവാതെ നിന്നു.
രണ്ടാം സന്നാഹ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഓസ്ട്രേലിയക്കെതിരെ ബാറ്റിംഗ് തകർച്ച നേരിട്ടു. നിശ്ചിത 50 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 239 റൺസാണ് ശ്രീലങ്കയ്ക്ക് നേടാനായത്. ലഹിരു തിരിമന്നെ (56), ധനഞ്ജയ ഡിസിൽവ (43) എന്നിവരാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 30 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ ആരോൺ ഫിഞ്ച് (11), ഷോൺ മാർഷ് (34), ഗ്ലെൻ മാക്സ്വൽ (36) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. 72 റൺസുമായി ഉസ്മാൻ ഖവാജയും റണ്ണൊന്നുമെടുക്കാതെ മാർക്കസ് സ്റ്റോയിനിസുമാണ് ക്രെസിൽ.