‘യാത്ര’യ്ക്ക് രണ്ടാം ഭാഗം വരുന്നു

May 30, 2019

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.  ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് യാത്ര സിനിമയില്‍ ആവിഷ്‌കരിച്ചത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം.

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമായിരിക്കും പ്രമേയമാക്കുക എന്നാണ് സൂചന. യാത്ര എന്ന സിനിമയക്ക് തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും സ്വാധിനം ചെലുത്താന്‍ യാത്ര എന്ന സിനിമയ്ക്ക് സാധിച്ചു എന്നാണ് വിലയിരുത്തല്‍. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ അധികരത്തിലെത്തിക്കാന്‍ യാത്ര എന്ന സിനിമയും സഹായിച്ചു എന്ന് പറയാതിരിക്കാന്‍ ആവില്ല.

സിനിമയിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. ‘സമര ശംഖം’ എന്നുതുടങ്ങുന്ന ഗാനത്തിന് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് കാലാ ഭൈരവി ആണ്. യാത്ര എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്.

Read more:ഇനി ക്രിക്കറ്റ് ആവേശപ്പൂരം; ലോകകപ്പിന് ഇന്ന് തുടക്കം

സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിച്ചു എന്ന പ്രത്യേകതയും യാത്ര എന്ന ചിത്രത്തിനുണ്ട്. 80, 90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒരുമിച്ച ചിത്രമാണ് യാത്ര.

അതേസമയം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിത കഥയുമായി യാത്രയ്ക്ക് രണ്ടാം ഭാഗം വരുമ്പോഴും ചിത്രത്തെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി വെള്ളിത്തിരയില്‍ എത്തുന്നത് ആരാണെന്നുള്ള കാര്യം വ്യക്തമല്ല.