‘തൊട്ടപ്പനി’ലെ ജോണപ്പനെക്കുറിച്ച് ദിലീഷ് പോത്തന്; വീഡിയോ
കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്’. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന് തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്നതാണ് തൊട്ടപ്പന് എന്ന ചിത്രം.
തോട്ടപ്പന്‍ എന്ന സിനിമയില്‍ ജോണപ്പന് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തന് അവതരിപ്പിക്കുന്നത്. ഇത്താഖ് എന്ന കഥാപാത്രമായെത്തുന്ന വിനായകന്റെ വളരെ മികച്ചൊരു പ്രകടനം ഈ ചിത്രത്തിലുണ്ടാകുമെന്നും ദിലീഷ് പോത്തന് പറയുന്നു. ഇത്താഖിന്റെ സുഹൃത്താണ് ജോണപ്പന്. ഇരുവരുടെ ബന്ധത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്നും ദിലീഷ് പോത്തന് പറഞ്ഞു.
അടുത്തിടെയാണ് തൊട്ടപ്പന്റെ ടീസര്‍ പുറത്തിറങ്ങിയത്. പഴയകാല തീയറ്ററുകളിലെ സിനിമ പ്രദര്‍ശനവും, തീയറ്ററിലെ ചെറിയൊരു പ്രശ്നവുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കാഴ്ചക്കാരന് ‘സ്ഫടികം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നുണ്ട് തൊട്ടപ്പന്റെ ടീസര്‍.
Read more:സ്ക്രീനില്‍ വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ2019
കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് തൊട്ടപ്പന്. ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന് വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്’ എന്ന സിനിമയ്ക്കുണ്ട്.
പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഫീഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം.
ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന് ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന് എത്തുന്നത്. റോഷന് മാത്യു, ലാല്‍, മനോജ് കെ. ജയന്, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
അച്ഛന് മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. തൊട്ടപ്പന് മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്നേഹിച്ചതുമെല്ലാം അതേ വൈകാരികതയോടെ തന്നെ ചിത്രത്തിലും കാണാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.