നമ്മുടെ വീട്ടിലും കാണും ഇതുപോലൊരു ‘അമ്മ; തരംഗമായി ഇഷ്‌കിലെ ഒരു മനോഹര സീൻ

June 4, 2019

കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറിയ ഷെയ്ൻ, സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇഷ്‌ക്. ആരെയും പിടിച്ചിരുത്തുന്ന മനോഹര പ്രണയത്തിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞുതുടങ്ങുന്ന ചിത്രം, അവസാനം എത്തിനിൽക്കുന്നത് ആരും ചിന്തിക്കാത്ത ഒരു ട്വിസ്റ്റിലാണ്. പലരും അനുഭവിക്കുന്ന എന്നാൽ പറയാൻ മടിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

ഷെയ്ൻ നിഗത്തിനൊപ്പം മനോഹരമായി അഭിനയിച്ച കഥാപാത്രമാണ് ചിത്രത്തിൽ സച്ചിയുടെ അമ്മയായി വേഷമിട്ട മാല പാർവതി. ഇരുവരും ഒന്നിച്ചുള്ള ഒരു മനോഹര സീനനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. തന്റെ പ്രണയത്തെക്കുറിച്ച് അമ്മയോട് പറയുന്ന ഈ മനോഹര സീനിനും മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ചിത്രത്തിലെ ഈ വിഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

ചിത്രത്തിലെ സച്ചിയുടെയും വാസുവിന്റെയും മനോഹര പ്രണയത്തിൽ അലിഞ്ഞു ചേരുന്ന ആസ്വാദകർക്ക് അസ്വസ്തത ജനിപ്പിക്കുന്നതാണ് ചിത്രത്തിലെ പിന്നീടുള്ള ഭാഗങ്ങൾ. ചിത്രത്തിന്റെ മുഖ്യ ആകർഷണം അവസാനത്തെ ട്വിസ്റ്റിലാണ്. പെണ്ണിന്റെ വിശുദ്ധി അവളുടെ ശരീരത്തിലാണെന്ന് വിശ്വസിക്കുന്ന ഏതൊരു കാമുകനോടുമുള്ള പെണ്ണിന്റെ പ്രതികാരത്തിന്റെ ഏറ്റവും ലളിതമായ രൂപവും ഈ ചിത്രം പറഞ്ഞു വയ്ക്കുണ്ട്.

Read also: ‘നിപ’; വ്യാജ പ്രചരണങ്ങളിൽ അകപ്പെടാതിരിക്കാൻ…. 

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ അനുരാജ് മനോഹർ ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച ആളുകൾ ചിത്രത്തിലെ ഗാനങ്ങളും ഹൃദയത്തോട് ചേർത്തുവച്ചിരിക്കുകയാണ്. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, മാല പാർവതി, ജാഫർ ഇടുക്കി എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.