ജീവന്റെ ജീവനായി… ;’സമീര്‍’ ലെ ഗാനം ശ്രദ്ധേയമാകുന്നു

June 6, 2019

പാട്ടുകള്‍, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്‍ക്കും. ചില ദു:ഖങ്ങളില്‍, ചില സന്തോഷങ്ങളില്‍, ചില ഓര്‍മ്മകളില്‍ ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില പാട്ടുകള്‍ പിന്നേയും പിന്നേയും മൂളി നടക്കുന്നതും ഇതുകൊണ്ടൊക്കെയാണല്ലോ. ഇപ്പോഴിതാ മനോഹരമായ ഒരു മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയാണ് സമീര്‍ എന്ന ചിത്രത്തിലെ ഗാനം.

ചിത്രത്തിലെ ജീവന്റെ ജീവനായി… എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അതിമനോഹരമായ ഒരു പ്രണയഗാനമാണ് ഇത്. റഷീദ് പാലയ്ക്കല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സമീര്‍. റഷീദ് പാലയ്ക്കലിന്റെ ‘ഒക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സമീര്‍ എന്ന സിനിമ ഒരുക്കുന്നത്. റഷീദിന്റേതാണ് ഈ മനോഹര ഗാനത്തിലെ വരികള്‍. സുദീപ് പാലനാട് സംഗീതം പകര്‍ന്നിരിക്കുന്നു. ആനന്ദ് റോഷന്‍, അനഘ സജീവ് എന്നിവരാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

Read more:മോദിയുടെ സത്യപ്രതിജ്ഞയല്ല ഒബാമ കണ്ടത് ഫുട്‌ബോള്‍; വ്യാജ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്

കാര്‍ത്തിക്കും സിതാര കൃഷ്ണ കുമാറും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. ദൃശ്യാവിഷ്‌കാരത്തിലും ജീവന്റെ ജീവനായി… എന്നു തുടങ്ങുന്ന ഗാനം മികച്ചു നില്‍ക്കുന്നു. പൂര്‍ണ്ണമായും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഗാനരംഗത്തിന്റെ ചിത്രീകരണം.

പ്രധാനമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സമീര്‍. മാമുക്കോയ, ഇര്‍ഷാദ്, വിനോദ് കോവൂര്‍, കെ കെ മൊയ്തീന്‍ കോയ, ജി കെ മാവേലിക്കര, അഷറഫ് കിരാലൂര്‍, മെഹബൂബ് വടക്കാഞ്ചേരി, താജു തോമസ്, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, ചിഞ്ചു സണ്ണി എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. രൂപേഷ് തിക്കോടിയാണ് ചിത്രത്തിന്‍രെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.