ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ
ചൂടിന്റെ കാഠിന്യം കുറഞ്ഞു.. മഴ പെയ്തുതുടങ്ങി. ഇനിയിപ്പോൾ രോഗങ്ങളും വന്നുതുടങ്ങും. കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ ഒരുപരിധി ഇല്ലാതാക്കാം. മഴക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം. മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം…
ജീരകവെള്ളം
കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകത്തിന്റെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ അനാഴശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല.
ഉലുവ വെള്ളം
ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം.
ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെയും, കുടിക്കുന്ന വെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തണം.