‘ശുഭരാത്രി’യിലെ മുഹമ്മദിനെയും കൃഷ്ണനെയുംകുറിച്ച്

June 27, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന്‍ കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മുഹമ്മദ് എന്ന കഥാപാത്രമായ് സിദ്ധിഖും ഒരു പ്രാധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ രണ്ട് കഥാപാത്രങ്ങളെയുംകുറിച്ചുള്ള ഒരു കുറിപ്പ്. വെറും സിനിമാക്കഥയിലെ കഥാപാത്രങ്ങളല്ല കൃഷ്ണനും മുഹമ്മദും. ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളത്തില്‍ മുഹമ്മദിനും കൃഷ്ണനും ഏറെ പ്രസക്തിയുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശുഭരാത്രിയിലെ മുഹമ്മദും കൃഷ്ണനും..!

ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ ഇവരാണ്. യഥാക്രമം സിദ്ദിക്കയും ഞാനും പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങള്‍ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങള്‍ അല്ല. ജീവിച്ചരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തില്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ആള്‍ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും.

സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ മുഹമ്മദിന്റേയും കൃഷ്ണന്റേയും കഥ ഉള്ളുലക്കുന്നതായിരിക്കും. അതെ, 100 ശതമാനം ഫാമിലി, 200 ശതമാനം ഫീല്‍ ഗുഡ് സിനിമ.

അതേസമയം ‘ശുഭരാത്രി’ എന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികാ കഥാപാത്രമായെത്തുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.