ഈ അച്ഛനും മകളും ഉള്ളു പൊള്ളിക്കുമ്പോള്‍…
പലപ്പോഴും ചിലതിനെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ തികയാതെ വരും. പേനയ്ക്കും പേപ്പറിനും ഇടയിലുള്ള രസതന്ത്രത്തേക്കാള്‍ ആഴമുണ്ട് വികാരവും വാക്കുകളും തമ്മിലുള്ള കെമിസ്ട്രിക്ക്. കാഴ്ചക്കാരന്റെ ഉള്ളുലച്ച് ഹൃദയത്തിലേക്ക് കുത്തിയിറങ്ങുകയാണ് മരണം കവര്‍ന്ന ഒരു അച്ഛന്റെയും കുഞ്ഞുമകളുടെയും ചിത്രം. യുഎസിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ച ഈ അച്ഛനും മകളും മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെ മുമ്പില്‍ ഒരു നീറ്റലായി എരിയുന്നു. തീപൊള്ളലിനെക്കാള് എരിച്ചിലുണ്ട് ആ നോവിന്…
റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഈ അച്ഛന്റെയും മകളുടെ ദാരുണാന്ത്യം. ഉള്ളുപൊള്ളിക്കുന്ന ഒന്നുകൂടിയുണ്ട് ഈ ചിത്രത്തില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്നപ്പോഴും ആ അച്ഛന് മകളെ ചേര്‍ത്തുപിടിച്ചിരുന്നു. വാക്കുകള്‍ക്കും വരികള്‍ക്കും വര്‍ണ്ണിക്കാനാവാത്ത വിധം. ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറസ് എന്ന 25 കാരനായ അച്ഛന്റെ ടി ഷര്‍ട്ടിനുള്ളില്‍ അച്ഛനോട് പറ്റിചേര്‍ന്നു കിടക്കുന്ന രണ്ട് വയസുകാരി വലേരിയ. മരണ വേദനയില്‍ പിടഞ്ഞപ്പോഴും അവള് അങ്ങനെ അച്ഛനോട് ചേര്‍ന്നു കിടന്നു.
എന്തായിരുന്നിരിക്കാം മരണത്തിലേക്ക് വഴുതി വീഴുമ്പോള്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറസ് എന്ന അച്ഛന്റെ ഉള്ളില്‍… നിസ്സഹായത ഓര്‍ത്ത് അയാള്‍ സഹതപിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിധിയെ പഴിച്ചിരുന്നിരിക്കണം, മകളെയോര്‍ത്ത് നെഞ്ച്പൊട്ടി വിങ്ങി കരഞ്ഞുകാണും. എത്രയോ വലുതായിരിക്കണം ആ നിമിഷം അയാള്‍ അനുഭവിച്ച ഹൃദയവേദന…! ജീവിതത്തിന്റെ ഇത്തിരി തുരുത്തിലേക്ക് നീന്തിതുടങ്ങിയപ്പോള് മകളെ പൊന്നുപോലെ നെഞ്ചോട് ചേര്‍ത്തതാണ് ആ അച്ഛന്. ഒടുവില്‍ മറ്റൊരിടത്തേക്ക് യാത്ര ആയപ്പോഴും ടി ഷര്‍ട്ടിനുള്ളില്‍ അച്ഛന്റെ നെഞ്ചോട് ചേര്‍ന്നുതന്നെ അവള് കിടന്നു…
യുഎസില്‍ അഭയം കിട്ടാനുളള ശ്രമങ്ങള്‍ ഫലംകാണാതെ വന്നപ്പോഴാണ് ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറസ് എല്‍ സാല്‍വദോറില്‍ നിന്ന് നീന്തിതുടങ്ങിയത്. അതും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി. പക്ഷെ പാതിവഴിയില്‍ അയാള്‍ക്ക് നഷ്ടമായി പ്രിയപ്പെട്ടതെല്ലാം. ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറസിന് ഒപ്പം നീന്തി തുടങ്ങിയ ഭാര്യ രക്ഷപ്പെട്ടും. തനിക്ക് ഏറ്റവും വിലപ്പെട്ട തന്റെ പ്രിയതമനും മകളും മുങ്ങിതാഴുന്നത് നിസഹായതയോടെ നോക്കി നില്ക്കാനെ ഭാര്യയ്ക്ക് കഴിഞ്ഞുള്ളൂ.