അഭിമന്യുവായി ഉണ്ണി മുകുന്ദൻ; പുതിയ ചിത്രം ഒരുങ്ങുന്നു
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ചോക്ലേറ്റ് സ്റ്റോറി റീറ്റോൾഡ്. ചിത്രത്തിൽ അഭിമന്യുവെന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജിനെ നായകനാക്കി 2007 പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ സേതു തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ എഴുതുന്നത്. ചിത്രം സംവിധാനം ചെയുന്നത് ബിനു പീറ്ററാണ്.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിൽ പഠിക്കാനെത്തുന്ന യുവാവിന്റെ കഥയായിരുന്നു ചോക്ലേറ്റ്. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയത് റോമ ആയിരുന്നു. ജയസൂര്യ, സംവൃതാ സുനിൽ, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പൃഥ്വിയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം മികച്ച വിജയം നേടിയിരുന്നു.
ചോക്ലേറ്റ് സിനിമയുടെ തുടർച്ച എന്ന തോന്നിപ്പിക്കുന്ന പോസ്റ്ററാണ് പുതിയ ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിനു പീറ്റർ ആണ് സംവിധായകൻ. പഠിക്കാനും പഠിപ്പിക്കാനുമല്ല എന്ന ടാഗ്ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്. മൂവായിരം പെൺകുട്ടികൾക്ക് ഒരാൾ എന്നും പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്. പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് പവിത്രമാണ് ചിത്രം നിർമ്മിക്കുന്നത്.
Read also: പതിനെട്ടാം പടിയിൽ മമ്മൂട്ടിക്കൊപ്പം ഇവരും; ശ്രദ്ധേയമായി ചിത്രങ്ങൾ
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആദ്യം ഇറങ്ങിയ ചോക്ളേറ്റിലെ കഥാപാത്രങ്ങളായിരിക്കില്ല പുതിയ ചിത്രത്തിൽ എത്തുന്നത്. ചിത്രം ഒരു മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കുമെന്നും സൂചനകളുണ്ട്.. മൂവായിരം പെൺകുട്ടികൾക്കിടയിൽ ചെന്നുപെടുന്ന യുവാവായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ ടീം ഒന്നിച്ചെത്തിയ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഗോപി സുന്ദറിനൊപ്പം യൂണി മുകുന്ദൻ, സന്തോഷ് പവിത്രൻ, ബിനു പീറ്റർ എന്നിവരും ചിത്രത്തിന്റെ വിശേഷങ്ങളുമായി വിഡിയോയിൽ പ്രത്യക്ഷപെടുന്നുണ്ട്.