മൂന്ന് ലുക്ക്; മൂന്ന് സിനിമ: ജൂണില്‍ തിളങ്ങാന്‍ ടൊവിനോ

June 1, 2019

കുറഞ്ഞ കാലയളവുകൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ് ടൊവിനോ തോമസ്. ജൂണ്‍ മാസം ടൊവിനോയുടേതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കാരണം മറ്റൊന്നുമല്ല ജൂണില്‍ മൂന്ന് കഥാപാത്രങ്ങളായി ടൊവിനോ എത്തുന്നു, അതും മൂന്ന് വിത്യസ്ത ചിത്രങ്ങളില്‍.

വൈറസ്

ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന്‍ പൊലിഞ്ഞവരെയും. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ടൊവിനോ.

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന. ജൂണ്‍ ഏഴിന് വൈറസ് തീയറ്ററുകളിലെത്തും.

ഓസ്‌കാര്‍

ടൊവിനോ തോമസ് നായകാനായി എത്തുന്ന ചിത്രമാണ്’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’.സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയേക്കും. ജൂണ്‍ 21 ന് ചിത്രം വെള്ളിത്തിരയിലെത്തും.

ലൂക്ക

ടൊവിനോ തേമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’ എന്നാണ് സൂചന. ജൂണ്‍ 28 ന് ലൂക്ക തീയറ്ററുകളിലെത്തും.

കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.