‘കിച്ചുവേട്ടാ കൊല്ലരുത്’; ചിരി വീഡിയോയുമായി അനുപമ പരമേശ്വരന്
അഭിനയ രംഗത്തു നിന്നും ചലച്ചിത്ര സംവിധാനത്തിലേക്കും നിര്മ്മാണരംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരന്. മലയാളികളുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് അനുപമ സഹ സംവിധായികയാവുന്നത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് അനുപമ പരമേശ്വരന് പങ്കുവച്ച ഒരു വീഡിയോ. നടന് കൃഷ്ണ ശങ്കറിന് പിറന്നാള്‍ ആശെസകള് നേര്‍ന്നുകൊണ്ടുള്ളതാണ് ഈ വീഡിയോ. അതേസമയം ‘വസന്ത രജനീ പുഷ്പം ഞാനൊരു…’ എന്നു തുടങ്ങുന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന അനുപമയെയും വീഡിയോയില്‍ കാണാം. ‘കിച്ചുവേട്ട കൊല്ലരുത്’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ഈ ചിരിവീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
അതേസമയം പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. നവാഗതനായ ഷംസു സൈബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തില്‍ നിഖില വിമല്‍, അനു സിത്താര എന്നിവര്‍ക്കൊപ്പം അനുപമ പരമേശ്വരനും ഒരു കഥാപാത്രമായെത്തുന്നുണ്ട് എന്നാണ് സൂചന. ഗ്രിഗറി ജേക്കബ്ബ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഗ്രിഗറി നായക കഥാപാത്രമായെത്തുന്ന ആദ്യ ചിത്രംകൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.