ദേ, ഈ അരവിന്ദനായിരുന്നു ലോഹിതദാസിന്‍റെ ആ ചക്കരമുത്ത്; ഇനി കണ്ണീരോര്‍മ്മ

June 27, 2019

മലയാളചലച്ചിത്ര ലോകത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. ഭൂതക്കണ്ണാടി, ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം, ചക്കരമുത്ത്, നിവേദ്യം, തൂവല്‍ക്കൊട്ടാരം, കന്മദം എന്നിങ്ങനെ എത്രയെത്ര സൂപ്പര്‍ഹിറ്റുകള്‍. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ലോഹി സംവിധാനം ചെയ്ത ചിത്രമായിരുന്ന ചക്കരമുത്ത്. ദിലീപ് അവതരിപ്പിച്ച അരവിന്ദന്‍ എന്ന കഥാപാത്രവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.

എന്നാല്‍ ലോഹിതദാസിനുണ്ട് മറ്റൊരു ചക്കരമുത്ത്. ലോഹിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന അരവിന്ദന്‍. ഈ അരവിന്ദനെയാണ് ലോഹി ചക്കരമുത്ത് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമാക്കിയതും. അരവിന്ദന്‍ ഇനിയില്ല. ലോഹിതദാസിന്റെ അകലൂരിലെ അമരാവതി എന്ന വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്ന അരവിന്ദന്‍ ഓര്‍മ്മയായി. ലോഹിയുടെ പ്രിയപ്പെട്ട ചക്കരമുത്ത്.

അകലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് അരവിന്ദന്‍. രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ലോഹിതദാസിന്റെ വീട്ടില്‍ നടന്ന എല്ലാ അനുസ്മരണ യോഗങ്ങളിലും അരവിന്ദന്‍ നിത്യ സന്ദര്‍ശകനായിരുന്നു. അതേസമയം സാമൂഹ്യമാധ്യമങ്ങളിലും അരവിന്ദനെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന കുറിപ്പ്

ലോഹിയുടെ ചക്കരമുത്ത്! അകലൂരിന്റെ അരവിന്ദന്‍ ഇനി ഓര്‍മ്മകളില്‍! കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി!

ഇത് മുത്ത്! ലോഹിതദാസ് സാറിന്റെ ചക്കര മുത്ത്! അകലൂരിന്റെ അരവിന്ദന്‍! നിഷ്‌കളങ്കനായ കുസൃതിക്കാരന്‍;ഇവന്റെ ജീവിതചര്യയാണ് ലോഹി സര്‍ചക്കര മുത്ത് എന്ന സിനിമയിലൂടെ അഭ്രപാളികളില്‍ നിങ്ങളുടെ മുന്നിലെത്തിച്ചത്! ഇവന്‍ ഒരു ഉദാഹരണം മാത്രം! വള്ളുവനാടിന്റെ ഗ്രാമീണ ഭംഗിയും നിഷ്‌കളങ്കതയും ലോകത്തിനു മുന്നില്‍ ലോഹി സര്‍ എത്തിച്ചതു പോലെ ഒരു പക്ഷേ മറ്റൊരു സിനിമക്കാരും അവതരിപ്പിച്ചിട്ടുണ്ടാവില്ല! അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളുടെ ഗ്രാമങ്ങള്‍ക്ക് ഒരു തീരാ നഷ്ടം കൂടിയാണ്‍ വള്ളുവനാടിന്റെ ഗ്രാമഭംഗി അദ്ദേഹത്തിന്റെ മനസ്സില്‍ അത്രക്കും തട്ടിയതുകൊണ്ടാവാം അകലൂര്‍ ഗ്രാമത്തിലെ ഞങ്ങളുടെ ബന്ധു നായര്‍ തറവാടായ വലില്ലത്ത് വീട് സ്വന്തമാക്കി അതിന് അദ്ദേഹം അമരാവതി എന്ന് പേര് നല്‍കിയതും! ഈ അരവിന്ദന്‍ നിഷ്‌കളങ്കനായ ഒരു കുസൃതിക്കാരനാണ്‍ അവന്റെ അമ്മയുടെ ചക്കര മുത്തും. ഒരു പക്ഷേ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയാവാന്‍ മാത്രം നന്‍മകളുമുണ്ട് ഇവനിലെന്ന് തോന്നാറുണ്ട്. ഇവന് എവിടെയോ ചെറുതായി ഒരു പിരി കുറവുണ്ട് ആകുറവാകാം ഇന്ന് ഇവന്‍ ഇവന്റെ അമ്മക്ക് തണലാകുന്നതും ‘എല്ലാ ക്ഷേത്ര ഉല്‍സവങ്ങള്‍ക്കും ലാഭേച്ഛയില്ലാത്ത നിറസാന്നിദ്ധ്യമാണ് ഇവന്റേത്. വണ്ണാന്‍ സമുദായക്കാരനാണ്: അതു കൊണ്ടു തന്നെ ഉല്‍സവകാലങ്ങളില്‍ തിറ കെട്ടാന്‍ പോകും.നിര്‍മ്മാണ ജോലിക്ക് സഹായിയായി പോകും. ഇവന് ജോലിയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ഇവന്റെ അമ്മയുടെ കയ്യില്‍ 100 രൂപയില്‍ ചുരുങ്ങാതെ എത്തിയിരിക്കും ഒട്ടേറെപ്പേരില്‍ ഇല്ലാത്ത ഒരു നന്‍മ .അതുകൊണ്ടുതന്നെയാണ് ഇവനെക്കുറിച്ച് ഇത്രയും പ്രചോദനമായതും.ലോഹി സര്‍ ഉണ്ടായിരുന്ന കാലത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു നിഴല്‍പോലെ നിറഞ്ഞ ചിരിയുമായി അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നത്രെ.ഇവനെ ശരിക്കറിയാവുന്നതുകൊണ്ടായിരിക്കാം അവന്റെ ജീവിതം അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തി അദ്ദേഹം സിനിമയാക്കിയതും!