അമിതാഭ് ബച്ചനൊപ്പം ഇമ്രാന്‍ ഹാഷ്മി; ‘ചെഹരേ’യുടെ കാരക്ടര്‍ പോസ്റ്റര്‍

June 24, 2019

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സരസ്വതി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആനന്ദ് പണ്ഡിത് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘ചെഹരേ’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2020 ഫെബ്രുവരി 21 ന് ചിത്രം തീയറ്ററുകളിലെത്തും.

ചിത്രത്തിനുവേണ്ടിയുള്ള അമിതാഭ് ബച്ചന്റെ കാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇമ്രാന്‍ ഹാഷ്മിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. അറ്റം കെട്ടിയ നീട്ടി വളര്‍ത്തിയ വെളുത്ത താടി തന്നെയാണ് ബിഗ്ബിയുടെ ലുക്കിലെ മുഖ്യ ആകര്‍ഷണം. സ്യൂട്ട് ധരിച്ച് കഴുത്തില്‍ ഷാള്‍ അണിഞ്ഞ് തലയില്‍ കമ്പിളി കൊണ്ടുള്ള തൊപ്പിയുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബിയുടെ ഈ സ്‌റ്റൈലിഷ് ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ജാക്കറ്റ് അണിഞ്ഞ ലുക്കാണ് ഇമ്രാന്‍ ഹാഷ്മിയുടേതും. ഇമ്രാന്‍ ഹാഷ്മി തന്നെ തന്റെ ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചു.

കൃതി ഖര്‍ബന്ദ, റിയ ചക്രവര്‍ത്തി, സിദ്ധാനന്ത് കപൂര്‍, റിത്മാന്‍ ചക്രവര്‍ത്തി, രാഘ് വീര്‍ യാദവ്, അനു കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.


അതേസമയം ബോളിവുഡ് മെഗാസ്റ്റാര്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ്. എസ്.ജെ സൂര്യയ്‌ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. താ തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ചില ലൊക്കേഷന്‍ കാഴ്ചകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. വിത്യസ്തവും മനോഹരവുമായ ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘ഉയര്‍ന്ത മനിതന്‍’ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉയരമുള്ള മനുഷ്യന്‍ എന്നാണ്. ഒരു മനുഷ്യന്റെ മഹത്വത്തേയും ഈ വാക്ക് സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഉയര്‍ന്ത മനിതന്‍ ഹിന്ദിയിലും നിര്‍മ്മിക്കാനാണ് തീരുമാനം. ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ എസ്.ജെ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രമാകും ഇത്.