ഒരു ഓവറില്‍ ആറ് സിക്സ്; ഓര്‍മ്മകളിലെന്നും യുവരാജിന്റെ വിസ്മയം: വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പകരക്കാരില്ലാത്ത ഓള്‍റൗണ്ടറാണ് യുവരാജ് സിങ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ കളിക്കളത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരം. തന്റെ പ്രകടനംകൊണ്ട് പലപ്പോഴും കാണികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജ് സിങ്ങിന്റെ സാന്നിദ്ധ്യം ഇനി ഉണ്ടാവില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ കുറിക്കപ്പെട്ട ഒരു വിസ്മയ പ്രകടനമുണ്ട് യുവരാജിന്റെ. ഒരു ഓവറിലെ ആറ് പന്തുകളും സിക്സ് പായിച്ച് ആരാധകുടെ പ്രിയപ്പെട്ട യുവി കാണികളെ അമ്പരപ്പിച്ച മുഹൂര്‍ത്തം. എത്ര കണ്ടാലും പിന്നയും പിന്നെയും കാണാന്‍ കാണികളെ പ്രേരിപ്പുക്കുന്ന യുവിയുടെ മാസ്മരിക പ്രകടനം.
2007- ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടി20 മത്സരത്തിലായിരുന്നു യുവരാജ് സിങ്ങ് ആറുകൊണ്ട് ആറാട്ടു നടത്തിയത്. ടി20 യുടെ ചരിത്രത്തില്‍ ആദ്യത്തെയും ക്രിക്കറ്റ് ചരിത്രത്തില്‍ നാലാമത്തെയും തവണയാണ് ഒരു ബാറ്റ്സ്മാന് ഒരു ഓവര്‍ മുഴുവന്‍ സിക്സ് പായിക്കുന്നതു തന്നെ.
യുവരാജ് സിങ് ഇതിനോടകം തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2000 ല്‍ നയ്റോബിയില്‍ കെനിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്. യുവി എന്നാണ് ആരാധകര്‍ യുവരാജ് സിങിനെ വിളിക്കുന്നത്. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.