പ്രിയയുടെ ആലാപനത്തിന് കൈയടി; ‘ഫൈനല്‍സി’ലെ ഗാനം കുതിക്കുന്നു

June 27, 2019

ഹൃദയം തൊടുന്ന സംഗീതം, അതിശയപ്പിക്കുന്ന ആലാപനം; ഫൈനല്‍സിലെ ഗാനം കൈയടികളോടെ വരവേറ്റിരിക്കുകയാണ് പ്രേക്ഷകര്‍. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഫൈനല്‍സിലെ ‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനം യുട്യൂബില്‍ കുതിക്കുന്നു. അതേസമയം വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് ‘ആഡാര്‍ ലൗ’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യര്‍. പ്രിയയുടെ ആലാപനത്തെ പുകഴ്ത്തുകയാണ് പ്രേക്ഷകര്‍. യുട്യൂബില്‍ പങ്കുവച്ച ഗാനം ഇതിനോടകം തന്നെ എട്ട് ലക്ഷത്തോളം പേരാണ് കണ്ടത്.

നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’ ഇരുവരുടെയും ആലാപന മികവിനെയും പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍. ആസ്വാദകന്റെ മനസിലേക്ക് ഒരു നനുത്ത മഴ പോലെ പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം.

Read more:ഈ അച്ഛനും മകളും ഉള്ളു പൊള്ളിക്കുമ്പോള്‍…

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ‘ഫൈനല്‍സ്’. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. ഇത് ശരി വെയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. അലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘ഫൈനല്‍സ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന.