സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫുള്‍ജാര്‍ സോഡകള്‍
കാലം മാറുമ്പോള്‍ കോലവും മാറണമെന്ന് പറയാറുണ്ടല്ലോ. എന്നാല്‍ കോലത്തിനൊപ്പംതന്നെ രുചി ഭേദങ്ങളിലും പലപ്പോഴും മാറ്റം വരാറുണ്ട്. കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആകെ നുരഞ്ഞുപൊങ്ങുകയാണ് ഫുള്‍ജാര്‍ സോഡകള്‍. കുലുക്കി സര്ബത്തിനും തന്തൂരി ചായകള്ക്കുമൊക്കെ പിന്നാലെയാണ് ഫുള്‍ജാര്‍ സോഡകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നതും.
കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം എന്നു വേണമെങ്കിലും ഫുള്‍ജാര്‍ സോഡയെ വിശേഷിപ്പിക്കാം. പേരിലും കാഴ്ചയിലും എന്തായാലും ഒരല്പം കൗതുകമുണ്ടെന്നത് സത്യം. എന്തായാലും കേരളത്തിലാകെ തരംഗമായിരിക്കുകയാണ് ഫുള്‍ജാര്‍ സോഡകള്‍. ഫുള്‍ജാര്‍ സോഡയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരും നിരവധിയാണ്.ഒരു വലിയ ഗ്ലാസും അതില്‍ ഇറക്കിവെയ്ക്കാന്‍ പറ്റുന്ന ചെറിയൊരു ഗ്ലാസുമാണ് ഫുള്‍ജാര്‍ സോഡയുടെ മുഖ്യ ആകര്‍ഷണം. വലിയ ഗ്ലാസില്‍ സോഡ നിറയ്ക്കുന്നു. ചെറിയ ഗ്ലാസിലാകട്ടെ പ്രത്യകം തയാറാക്കിയിരിക്കുന്ന രുചിക്കൂട്ടും. നാരങ്ങാ, ഇഞ്ചി, കാന്താരി, കസ്കസ്, പുതിന ഇല, പഴങ്ങളുടെ ഫ്ലേവര്‍, കറുവപ്പട്ട, തേന്‍, ഉപ്പ്, പഞ്ചസാര എന്നിങ്ങനെ നീളുന്നു ഫുള്‍ജാര്‍ സോഡയിലെ രസക്കൂട്ട്.
രസക്കൂട്ട് അടങ്ങിയ ചെറിയഗ്ലാസ് വലിയ സോഡയുള്ള വലിയ ഗ്ലാസിലേക്ക് ഇടുന്പോഴേക്കും പതഞ്ഞു പൊങ്ങുന്നതു കാണാനും നല്ല രസമാണ്. ഇത് ഒറ്റവലിക്ക് തന്നെ കുടിച്ചു തീര്‍ക്കുന്നതാണ് കൂടുതല്‍ രുചികരം.