രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്ര മേള നാളെ മുതല്‍

June 20, 2019

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നാളെ മുതല്‍ തുടക്കമാകുന്നു. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററില്‍ മേളയുടെ ഉദ്ഘാടന ചടങ്ങ് അരങ്ങേറും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളാ ഗവര്‍ണര്‍ പി സാദാശിവം മേള ഉദ്ഘാടനം ചെയ്യും. അഗസ്റ്റിനോ ഫെറെന്‍റയുടെ ‘സെല്‍ഫി’ ആണ് ഉദ്ഘാടന ചിത്രം.

262 ചിത്രങ്ങളാണ് പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. കൈരളി, ശ്രീ, നിള എന്നീ തീയറ്ററുകലിലാണ് പ്രദര്‍ശനം. ലോങ്ക് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ മത്സരരംഗത്തുമുണ്ട്.

ആറുദിവസങ്ങളിലായാണ് മേള നടക്കുക. ഇത്തവണത്തെ മേളയില്‍ മലയാള ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തില്‍ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തില്‍ 74 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. പേസ് ടു ഫേസ്, ഇന്‍കോണ്‍വര്‍സേഷന്‍ സെക്ഷന്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Read more:സത്യം പറഞ്ഞാ വിശ്വസിക്കുവോ’; സുനിയായി ബിജു മേനോന്‍

ഡോക്യുമെന്ററി സംവിധായികയും എഴുത്തുകാരിയുമായ മധുശ്രീ ദത്തയെ മേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും ഇതിനു പുറമെ മധുശ്രീ ദത്തയുടെ പ്രധാനപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉണ്ടായിരിക്കും.