ചെമ്പന്‍ വിനോദും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്നു; ശ്രദ്ധേയമായി പുതിയ പോസ്റ്റർ

June 24, 2019

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ചലച്ചിത്രലോകത്തെ പ്രധാന വിശേഷം. ‘പൊറിഞ്ചുമറിയംജോസ്’ എന്നാണ് ചിത്രത്തിന്റെ പേര്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം. ചിത്രത്തിന്റെ ഓരോ പോസ്റ്ററിലും ഒരുപാട് കൗതുകങ്ങൾ ഒളിപ്പിച്ചുകൊണ്ടാണ് പുറത്തുവിടുന്നത്. ഇപ്പോഴിതാ ചെമ്പൻ വിനോദും ജോജുവും ഒന്നിച്ചുള്ള ഒരു പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.  കാട്ടാളന്‍ പൊറിഞ്ചുവായാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ജോജുവിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം ഏറെ കൗതുകമുണർത്തി പുറത്തെത്തിയ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായെത്തുന്ന നൈല ഉഷയുടെ ക്യാരക്ടര്‍ പോസ്റ്ററും ആരാധകർ ഏറ്റെടുത്തിരുന്നു.

Read also: ‘സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ പലപ്പോഴും മാറ്റിനിർത്തപെട്ടു’; ഇന്ദ്രൻസിനെക്കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പ്…

ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസഫ്. ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  പൃഥ്വിരാജ് സംവിധാനം നിർവഹിച്ച  ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.