ടൊവിനോയുടെ ഓസ്കാർ ഗോസ് ടുവിനൊപ്പം നാൻ പെറ്റ മകനും
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രവും തിയേറ്ററുകളിൽ മികച്ച വിജയം നേടാൻ എത്തുകയാണ്. ‘ആന്‍ഡ് ദ് ഓസ്കാര്‍ ഗോസ് ടു’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. നാളെയാണ് ചിത്രം വെള്ളിത്തിരയിൽ എത്തുന്നത്.
സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്കാര്‍ ഗോസ് ടു വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയേക്കും.
എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘നാന് പെറ്റ മകന്’. ചിത്രവും നാളെ തിയേറ്ററുകളിൽ എത്തും. സജി പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. ഗാനരംഗത്തെ മിനോണിന്റെ അഭിനയത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്. 2012 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മിനോണ്‍ നേടിയിട്ടുണ്ട്.
ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന് പെറ്റ മകന്’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാരാജാസ് കോളേജിലും അഭിമന്യൂവിന്റെ നാടായ വട്ടവടയിലുമാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.
ഇരു ചിത്രങ്ങൾക്കും പുറമെ ‘വകതിരിവ്’ എന്ന കെ കെ മുഹമ്മദ് അലി ചിത്രവും നാളെയാണ് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്.