‘കക്ഷി അമ്മിണിപിള്ള’യും കൂട്ടരും തീയറ്ററുകളിലേയ്ക്ക്

June 27, 2019

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം നാളെ തീയറ്ററുകളിലെത്തും. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്.

പ്രദീപന്‍ മഞ്ഞോടി എന്നാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അതേസമയം അടുത്തിടെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിക്കുന്നതും. ചിത്രത്തിനുവേണ്ടിയുള്ള ആസിഫ് അലിയുടെ കട്ടി മീശ ലുക്കും ആരാധകര്‍ക്കിടയില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധ നേടിയിരുന്നു.Read more:ദേ, ഇവനായിരുന്നു ലോഹിതദാസിന്‍റെ ആ ചക്കരമുത്ത്; ഇനി കണ്ണീരോര്‍മ്മ

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന ‘ഉയരെ’ എന്ന ചിത്രം. നവാഗതനായ മനു ആശോകനാണ് ഉയരെ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ആസിഫ് അലിക്കൊപ്പം പാര്‍വ്വതിയും ടൊവിനോയും ഉയരെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിപാ വൈറസ് പ്രമേയമായി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന വൈറസ് എന്ന സിനിമയിലും ആസിഫ് അലി ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.