അമ്മിണിപ്പിള്ള ഉടനെത്തും, വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

June 24, 2019

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ  ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.  ജൂൺ 28 മുതലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നിരവധി ഹാസ്യ രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ചില ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. സനിലേഷ് ശിവന്റെ രചനയില്‍ ആസിഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിണ്ട്.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

“യഥാര്‍ത്ഥ ജീവിതത്തില്‍ സാധിക്കാത്ത നിരവധി വേഷങ്ങള്‍ ഒരു നടന് അവതരിപ്പിക്കാൻ സാധിക്കും. ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഭാഗ്യമാണ്. ഒരു വക്കീലിന്റെ വേഷം ചെയ്യുകയെന്നത് ഞാൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. ഈ പുതിയ ചിത്രത്തിലൂടെ ആ ആഗ്രഹം സഫലമാകാൻ പോകുകയണെന്നും നേരത്തെ ആസിഫ് അറിയിച്ചിരുന്നു.

Read also: ‘സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ പലപ്പോഴും മാറ്റിനിർത്തപെട്ടു’; ഇന്ദ്രൻസിനെക്കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പ്…

അതേസമയം ആസിഫ് അലി മുഖ്യകഥാപാത്രമായി എത്തുന്ന ഉയരെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ നിറയുകയാണ്.  ചിത്രത്തിൽ പാർവതി തിരുവോത്ത്, ടോവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയിൽ പാര്‍വ്വതി വേഷമിടുന്നത്.