ലൂസിഫർ രണ്ടാം ഭാഗം; പ്രഖ്യാപനം ഉടൻ
ലൂസിഫർ എന്ന ചിത്രം മലയാളികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. നല്ല മാസ് ആക്ഷൻ സിനിമ എന്ന രീതിയിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ ‘എൽ, ദ് ഫിനാലെ’ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക്’ ഉണ്ടാകുമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രത്തിൽ മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ ചിത്രം ആരംഭിക്കുന്നത്…പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരു കൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.
പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.