പ്രണയനായകനായി ജയറാം; ശ്രദ്ധേയമായി ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ലെ ഗാനം

June 6, 2019

മലയാളികളുടെ പ്രിയ കുടംബനായകന്‍ ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍. അനീഷ് അന്‍വറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം.

മനോഹരങ്ങളായ ഗാനങ്ങള്‍ എക്കാലാത്തും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാണല്ലോ. പ്രത്യേകിച്ച് പ്രണയഗാനങ്ങള്‍. മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിലെ ‘കണ്ണില്‍ കണ്ണില്‍..’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താരയാണ് ഈ മനോഹര ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. നജീം അര്‍ഷാദ്, ശ്രുതി ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. മനോഹരമായ ഒരു പ്രണയഗാനമാണ് ഇത്. പ്രണായര്‍ദ്ര ഭാവങ്ങളുമായാണ് ജയറാം ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Read more:‘ബ്രദേഴ്‌സ് ഡേ’യില്‍ മഡോണയും പുതിയ പോസ്റ്റര്‍

നിറയെ തമാശകളും സസ്‌പെന്‍സും ഇമോഷന്‍സും നിറഞ്ഞ ചിത്രത്തിലെ ട്രെയ്‌ലറിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തില്‍ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദന്‍, പിഷാരടി, മല്ലിക സുകുമാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ രാഘവന്‍, ബൈജു, ഹരീഷ് കണാരന്‍ തുടങ്ങി നിരവധി താരനിരകള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.

ഷാനി ഖാദര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായുള്ള ജയറാമിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു. തടി കൂട്ടിയും താടി വളര്‍ത്തിയുമൊക്കെയുള്ള താരത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.