അഭിമന്യുവെന്ന ധീര സഖാവിനെ ഓർമ്മപ്പെടുത്തി ‘നാൻ പെറ്റ മകൻ’; ട്രെയ്‌ലർ കാണാം..

June 8, 2019

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയിലെ ട്രെയ്‌ലർ പുറത്തിറങ്ങി. അഭ്യുമന്യുവിന്റെ തീരാനഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലു കൂടിയാണ് ഈ ചിത്രം. സജി എസ് പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിലെ മികച്ച രംഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ട്രെയ്‌ലറിൽ അഭിമന്യുവായി അഭിനയിച്ച  മിനോണ്‍ ജോണാണ്  നിറഞ്ഞുനിൽക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും നേരത്തെതന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. 2012 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മിനോണ്‍ നേടിയിട്ടുണ്ട്.

ആസ്വാദകന്റെയുള്ളില്‍ വേര്‍പാടിന്റെ നോവുണര്‍ത്തുന്നതാണ് ചിത്രത്തിലെ ഗാനങ്ങൾ. അതേസമയം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ജീവിതം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളുമെന്നും  പലരും അഭിപ്രായപ്പെടുന്നുണ്ട്.

Read more: ‘ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളിലും നീ എന്നോടൊപ്പം ചേർന്നുനിന്നു’; റിമയെ അഭിനന്ദിച്ച് പാർവ്വതി

ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാരാജാസ് കോളേജിലും അഭിമന്യൂവിന്റെ നാടായ വട്ടവടയിലുമാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.