ഇനി സച്ചിനും കൂട്ടരും കളിക്കളത്തിൽ; റിലീസിനൊരുങ്ങി ചിത്രം
ധ്യാൻ ശ്രീനിവാസനൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമായി പ്രേക്ഷകരെ പൊട്ടിച്ചിരിക്കാൻ എത്തുന്ന ചിത്രമാണ് സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം അനൗൺസ് ചെയ്തതു മുതൽ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ട്രെയ്ലറിനുമൊക്കെ മികച്ച പ്രതീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രിക്കറ്റ് പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസ്, അപ്പനി ശരത്ത്, അന്ന രേഷ്മ രാജൻ, ധർമ്മജൻ, പിഷാരടി, രഞ്ജി പണിക്കർ, ജൂബി നൈനാൻ, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്, സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറോടുള്ള കടുത്ത ആരാധന മൂലം സ്വന്തം മകന് സച്ചിൻ എന്ന് പേരിടുന്നതും പിന്നീട് അച്ഛനെ പോലെ തന്നെ ക്രിക്കറ്റിനെ അഗാധമായി സ്നേഹിക്കുന്ന മകന്റെ ജീവിതവും പ്രണയവുമെല്ലാമാണ് ചിത്രം പറയുന്നത്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിൽ അജു, ധ്യാൻ, അപ്പനി ശരത്ത്, ഹരീഷ് കണാരൻ എന്നിവർ നിൽക്കുന്ന പോസ്റ്ററും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ആരാധകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.
Read also: എനിക്കവളെ സ്നേഹിക്കാനാടോ.. രൂപക്കൂട്ടിൽ വയ്ക്കാനല്ല; തരംഗമായി ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ ട്രെയ്ലർ
അമ്പലങ്ങളുടെ മുന്നില്‍ കാണാറുള്ള തത്വമസി എന്ന വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചിറങ്ങുന്ന ധ്യാന്‍ ശ്രീനിവാസനേയും അജു വര്ഗീസിനെയുമാണ് ടീസറില്‍ കാണാനാവുക. ഏറെ രസകരമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും. തത്വമസിക്ക് പലരും നല്കുന്ന വ്യാഖ്യാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ നേരത്തെ ചിരി പടര്‍ത്തിയിരുന്നു.