കേരളത്തിലെ തിയേറ്ററുകൾ കീഴടക്കാൻ ഒരുങ്ങി വിജയ് സേതുപതിയുടെ സിന്ദുബാദ്.

June 26, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സിന്ദുബാദ്. എസ് യു അരുൺ കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം നാല് കേരളത്തിലെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് അഞ്ജലിയാണ്. ചിത്രത്തിൽ വിജയ് സേതുപതിയുടെ മകനും അഭിനയിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തതു മുതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള വിജയ് സേതുപതിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചത്. ചിത്രത്തിന്റെ ടീസറും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

സംവിധായകൻ എസ് യു അരുൺ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും സിന്ദുബാദിനുണ്ട്. ‘പന്നിയാരും പത്മിനിയും’, ‘സേതുപതി’ എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ആരാധകർ. സിന്ദുബാദിൽ യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് എസ് എൻ രാജരാജൻ പ്രൊഡക്ഷൻസാണ്. ‘സീതാകത്തി’, ‘സൈറാ നരസിംഹ റാവു’, എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

Read also: സ്‌ട്രെസും ആരോഗ്യവും; അറിഞ്ഞിരിക്കേണ്ടതെല്ലാം…

അതേസമയം സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോൾ. ചിത്രത്തിൽ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാർക്കോണി മത്തായി എന്ന മലയാളം ചിത്രത്തിലും വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ജയറാമിനൊപ്പമാണ് വിജയ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്നത്.