രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി ‘ശബ്ദിക്കുന്ന കലപ്പ’

June 24, 2019

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞിട്ട് മൂന്ന് ദിനങ്ങള്‍ പിന്നിടുന്നു. മേളയില്‍കൈയടി നേടിയിരിക്കുകയാണ് സംവിധായകന്‍ ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ഡോക്യുമെന്ററി. പൊന്‍കുന്നം വര്‍ക്കിയുടെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഔസേപ്പ് എന്ന കര്‍ഷകനും കണ്ണനെന്ന കാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പയുടെ പ്രമേയം. പൊന്‍കുന്നം വര്‍ക്കിയുടെ കഥയ്ക്ക് അതിമനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ജയരാജ് ഒരുക്കിയിരിക്കുന്നതെന്ന് ആസ്വാദകര്‍ അഭിപ്രായപ്പെടുന്നു. പരമേശ്വരനാണ് ഈ ഡോക്യുമെന്ററിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പതിനാല് മിനിറ്റാണ് ഈ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

തിരുവനന്തപുരത്ത് 21 നാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള ആരംഭിച്ചത്. അഗസ്റ്റിനോ ഫെറെന്റയുടെ ‘സെല്‍ഫി’ ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം.262 ചിത്രങ്ങളാണ് പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. കൈരളി, ശ്രീ, നിള എന്നീ തീയറ്ററുകലിലാണ് പ്രദര്‍ശനം. ലോങ്ക് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ മത്സരരംഗത്തുമുണ്ട്.

Read more:ദേഹത്ത് തീ; കുഞ്ഞുമായി വെള്ളത്തിലേക്ക് എടുത്ത് ചാടി ടൊവിനോ; ശ്രദ്ധേയമായി ലൊക്കേഷന്‍ വീഡിയോ

ആറുദിവസങ്ങളിലായാണ് മേള നടക്കുക. ഇത്തവണത്തെ മേളയില്‍ മലയാള ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തില്‍ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തില്‍ 74 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. പേസ് ടു ഫേസ്, ഇന്‍കോണ്‍വര്‍സേഷന്‍ സെക്ഷന്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.