നായികയായി ഭാവന; ‘ദ് സർവൈവൽ’ ടീസർ

May 27, 2022

പ്രിയതാരം ഭാവന മുഖ്യകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം ദ് സർവൈവലിന്റെ ടീസർ പുറത്തിറങ്ങി. മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രം അതിജീവനത്തിന്റെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ ചിത്രമാണെന്നാണ് സൂചന. ടീസറിൽ പഞ്ചിങ് പാഡിൽ കഠിന വ്യായാമം ചെയ്യുന്ന ഭാവനയെയാണ് കാണുന്നത്. കൊച്ചി ലൊക്കേഷനായി ഒരുങ്ങിയ ചിത്രം ഉടൻ തന്നെ പുറത്തിറങ്ങും എന്നാണ് സൂചന.

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലും സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന മലയാള സിനിമയിലൂടെയാണ് നടി മലയാളത്തിലേക്ക് തിരികെ വരുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിലൂടെയാണ് ഭാവനയുടെ സിനിമ തുടക്കമെങ്കിലും ഇപ്പോൾ കന്നഡ സിനിമകളിലാണ് താരം സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി അന്യഭാഷകളിൽ റിലീസിന് ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമായതും. മലയാളത്തിൽ ഏറ്റവും ഒടുവിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്.

Read also: ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ ഉലകനായൻ കമൽഹാസൻ; ഹെലിപാഡിൽ മണീട് സ്റ്റുഡിയോയിൽ എത്തി

ശ്രീകൃഷ്ണ@ജിമെയിൽ.കോം, ഭജരംഗി, ഇൻസ്‌പെക്ടർ വിക്രം തുടങ്ങിയവയാണ് താരത്തിന്റെ ഏറ്റവും പുതിയ അന്യഭാഷ ചിത്രങ്ങൾ. അതേസമയം പിങ്ക് നോട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് നടി ഇനി അഭിനയിക്കാനൊരുങ്ങുന്നത്. ചിത്രത്തിൽ താരം ഇരട്ട വേഷത്തിൽ അഭിനയിക്കും. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രം സംവിധാനം ചെയ്ത ജിഎൻ രുദ്രേഷ് ആണ് വരാനിരിക്കുന്ന കന്നഡ ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights: Bhavana’s latest Malayalam short film teaser