ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ ഉലകനായകൻ കമൽഹാസൻ; ഹെലികോപ്റ്ററിൽ മണീട് സ്റ്റുഡിയോയിൽ എത്തി

May 27, 2022

ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ ഉലകനായകൻ കമൽഹാസൻ എത്തി . ഹെലികോപ്റ്ററിൽ മണീടിലെ സ്റ്റുഡിയോയിൽ എത്തിയ താരത്തിന് വലിയ സ്വീകരണമാണ് നൽകിയത്. കൊച്ചി എയർപോർട്ടിൽ എത്തിയ താരത്തെ ഹെലികോപ്റ്റർ വഴിയാണ് മണീട് സ്റ്റുഡിയോയിലേക്ക് എത്തിച്ചത്.

വിക്രം സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് കമൽഹാസൻ കൊച്ചിയിൽ എത്തിയത്. ഒപ്പം ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ താരം കൊച്ചിയിലെ ഫ്ളവേഴ്സിന്റെ സ്റ്റുഡിയോയിലും എത്തി. ആഡംബര ഹെലികോപ്റ്റർ- എയർബസ് എച്ച് 145 ലാണ് താരം മണീടേക്ക് എത്തിയത്. വലിയ സജ്ജീകരണങ്ങളാണ് ഫ്‌ളവേഴ്‌സ് ഫാമിലി അദ്ദേഹത്തെ സ്വീകരിക്കാനായി ഒരുക്കിയത്. ട്വന്റി ഫോർ ന്യൂസിലൂടെയാണ് അദ്ദേഹത്തിന്റെ മണീടേക്കുള്ള യാത്ര തത്സമയം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

അതേസമയം ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം കൊച്ചിയിൽ എത്തിയത്. കമൽ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിഞ്ഞ് എത്തുകയാണ് കമൽ. കമൽഹാസനൊപ്പം വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ ഫഹദ് ഫാസിലും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം കൂടിയാണ് വിക്രം.

നിരവധി ചിത്രങ്ങളുമായി തമിഴ് സിനിമ മേഖലയിൽ തിരക്കുള്ള താരമാണ് കമൽഹാസൻ. ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വിക്രം. ജൂണ്‍ 3 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 

Story highlights: Kamal Haasan reached in Flowers studio