വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നസ്രിയയുടെ സഹോദരൻ; ആദ്യചിത്രം സൗബിനൊപ്പം
മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് നസ്രിയ, തന്മയത്വം നിറഞ്ഞ അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തതകകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷനായികയായി മാറിയ നസ്രിയയുടെ സഹോദരൻ നവീൻ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്ന വാർത്തയാണ് പ്രേക്ഷകർക്ക് ആവേശം നൽകുന്നത്. സൗബിനൊപ്പമാണ് താരം വെള്ളിത്തിരയിൽ എത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
സൗബിന് സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ വെള്ളിത്തിരയിലേക്ക്അരങ്ങേറ്റം കുറിയ്ക്കുന്നത്. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില് ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. പുതുമുഖമായ തന്വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന് സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്ക്കുന്നു.
അതേസമയം ആഷിഖ് അബുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ വൈറസിൽ സൗബിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ നിപ രോഗ ബാധിതനായ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് സൗബിൻ വേഷമിട്ടത്. ചിത്രത്തിലെ സൗബിന്റെ പ്രകടനം കണ്ട് നിരവധി ആളുകൾ പ്രശംസയുമായി എത്തിയിരുന്നു.
സൗബിന്റെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ജൂതൻ. ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. സൗബിനൊപ്പം റിമ കല്ലുങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം നിർമ്മിക്കുന്നത് റൂബി ഫിലിമ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം ജയന്ത് മാമൻ എന്നിവർ ചേർന്നാണ്.