‘തണ്ണീർമത്തൻ ദിനങ്ങളു’മായി വിനീത് ശ്രീനിവാസൻ

June 26, 2019

നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്,അനശ്വര എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ചിത്രം ജൂലൈ അവസാന വാരം തീയറ്ററുകളിൽ എത്തും.

പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ,ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമ്മിച്ചു ഗിരീഷ് എ ഡി സംവിധാനം ചെയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ.

Read alsoപൊലീസുകാരനായി രജനികാന്ത്; റിലീസിനൊരുങ്ങി ചിത്രം

അതേസമയം വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് ‘മനോഹരം’. അനവര്‍ സാദത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അന്‍വര്‍ സാദത്ത് തന്നെയാണ് ‘മനോഹരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മനോഹരം’ എന്നാണ് സൂചന.

പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. അതേസമയം പുതുമുഖ താരമാണ് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായെത്തുന്നത്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവര്‍ക്കൊപ്പം ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിക്കുന്നത്.