ഫുള്‍ജാര്‍ അല്ല ഇത് ‘ലൈഫ് ജാര്‍’; ശ്രദ്ധ നേടി ഒരു ഹ്രസ്വചിത്രം

June 13, 2019

കുറച്ചു ദുവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലാകെ നുരഞ്ഞ് പൊന്തുകയാണ് ഫുള്‍ ജാര്‍ സോഡകള്‍. കുലുക്കി സര്‍ബത്തിനും തന്തൂരി ചായകള്‍ക്കുമൊക്കെ പിന്നാലെയാണ് ഫുള്‍ജാര്‍ സോഡകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നതും. ഫുള്‍ ജാര്‍ സോഡകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ദ് ലൈഫ് ജാര്‍ എന്ന ഹ്രസ്വചിത്രം. ഫുള്‍ ജാര്‍ സോഡയുടെ പശ്ചാത്തലത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ദാഹത്തെ വ്യക്തമാക്കുന്നതാണ് ഈ ഷോര്‍ട്ട് ഫിലിം. ജയപ്രകാശ് പയ്യന്നൂരാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വെള്ളം പാഴാക്കരുത് എന്ന വലിയ സന്ദേശവും ഈ ഹ്രസ്വചിത്രം ആസ്വാദകര്‍ക്ക് നല്‍കുന്നു. അജ്മല്‍ വൈക്കം, വിജേഷ്, ആഷിഖ് മൊയ്തീന്‍, ഫൈസല്‍ ആലുവ, അന്‍ഷാദ് തുടങ്ങിയവരാണ് ഈ ഹ്രസ്വചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്.


അതേസമയം കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം എന്നു വേണമെങ്കിലും ഫുള്‍ജാര്‍ സോഡയെ വിശേഷിപ്പിക്കാം. പേരിലും കാഴ്ചയിലും എന്തായാലും ഒരല്‍പം കൗതുകമുണ്ടെന്നത് സത്യം. എന്തായാലും കേരളത്തിലാകെ തരംഗമായിരിക്കുകയാണ് ഫുള്‍ജാര്‍ സോഡകള്‍. ഫുള്‍ജാര്‍ സോഡയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരും നിരവധിയാണ്. ഒരു വലിയ ഗ്ലാസും അതില്‍ ഇറക്കിവെയ്ക്കാന്‍ പറ്റുന്ന ചെറിയൊരു ഗ്ലാസുമാണ് ഫുള്‍ജാര്‍ സോഡയുടെ മുഖ്യ ആകര്‍ഷണം. വലിയ ഗ്ലാസില്‍ സോഡ നിറയ്ക്കുന്നു. ചെറിയ ഗ്ലാസിലാകട്ടെ പ്രത്യകം തയാറാക്കിയിരിക്കുന്ന രുചിക്കൂട്ടും. നാരങ്ങാ, ഇഞ്ചി, കാന്താരി, കസ്‌കസ്, പുതിന ഇല, പഴങ്ങളുടെ ഫ്‌ലേവര്‍, കറുവപ്പട്ട, തേന്‍, ഉപ്പ്, പഞ്ചസാര എന്നിങ്ങനെ നീളുന്നു ഫുള്‍ജാര്‍ സോഡയിലെ രസക്കൂട്ട്.

രസക്കൂട്ട് അടങ്ങിയ ചെറിയഗ്ലാസ് വലിയ സോഡയുള്ള വലിയ ഗ്ലാസിലേക്ക് ഇടുന്‌പോഴേക്കും പതഞ്ഞു പൊങ്ങുന്നതു കാണാനും നല്ല രസമാണ്. ഇത് ഒറ്റവലിക്ക് തന്നെ കുടിച്ചു തീര്‍ക്കുന്നതാണ് കൂടുതല്‍ രുചികരം.