സ്‌കൂള്‍ തുറന്നു; വെറൈറ്റി ആശംസയുമായി ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും

June 6, 2019

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. സ്കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും പങ്കുവച്ച ഒരു ആശംസ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലെയുള്ള ഇരുവരുടെയും ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരങ്ങള്‍ ആശംസ നേര്‍ന്നത്. എന്തായാലും ഈ ആശംസ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായെത്തിയ കസിന്‍സ് എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇവര്‍ പങ്കുവച്ചത്. യൂണിഫോമിട്ട് കൈയില്‍ പുസ്തകവുമായി തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രം കാണാന്‍ തന്നെ ഏറെ രസകരവുമാണ്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സൗബിന്‍ സാഹിര്‍ തുടങ്ങിയവരും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

വൈശാഖ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘കസിന്‍സ്’. 2014 ലാണ് ‘കസിന്‍സ്’ തീയറ്ററുകളിലെത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ കസിന്‍സ് എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തിനും പുറമെ സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, വേദിക, നിഷ അഗര്‍വാള്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രില്ലര്‍ കഥയായിരുന്നു കസിന്‍സ് എന്ന സിനിമയുടേത്.

Read more:കിടിലന്‍ ലുക്കില്‍ മമ്മൂട്ടി; ‘ബീമാപള്ളി’ ഗാനത്തിന്റെ വീഡിയോ

അതേസമയം നാളെ തീയറ്ററുകളിലെത്തുന്ന ‘വൈറസ്’ എന്ന സിനിമയിലും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വൈറസ്. നിപാ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുമോ എന്ന കാര്യത്തില്‍ പലരിലും സംശയം ഉയര്‍ന്നിരുന്നു. ചിത്രം ആളുകളില്‍ ഭീതിയുണര്‍ത്തുമെന്ന് ചിലര്‍ അവകാശപ്പെട്ടപ്പോള്‍ അവബോധം സൃഷ്ടിക്കാന്‍ ചിത്രം സഹായിക്കുമെന്നും ചിലര്‍ വാദിച്ചു. എന്തായാലും ‘വൈറസ്’ നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ ജൂണ്‍ 7 ന് തീയറ്ററുകളിലെത്തും.