അടിച്ചു മിന്നിച്ച് പാക്കിസ്ഥാൻ
ലോകകപ്പിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാൻ മികച്ച നിലയിൽ. 36 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. 53 മുഹമ്മദ് ഹഫീസും 11 റൺസുമായി ക്യാപ്റ്റൻ സർഫറാസ് അഹ്മദുമാണ് ക്രീസിൽ. ഫഖർ സമാം, ഇമാമുൽ ഹഖ്, ബാബർ അസം എന്നിവരാണ് പുറത്തായത്.
ആദ്യ മത്സരത്തിൽ വിൻഡീസ് സ്വീകരിച്ച ഷോർട്ട് ബോൾ തന്ത്രം തന്നെയാണ് ഇംഗ്ലണ്ടും സ്വീകരിച്ചത്. എന്നാൽ അത് തിരിച്ചടിച്ചു. ആക്രമണം ലക്ഷ്യമിട്ട് ക്രീസിലെത്തിയ ഓപ്പണർമാർ പേസർമാരെ അനായാസം നേരിട്ടപ്പോൾ സ്കോർ ബോർഡിലേക്ക് റണ്ണൊഴുകി. ഷോർട്ട് ബോളുകളെ സധൈര്യം നേരിട്ട ഇരുവരും ആദ്യ വിക്കറ്റിൽ 82 റൺസാണ് കൂട്ടിച്ചേർത്തത്. പേസർമാരെ മാറിപ്പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ മൊയീൻ അലിയുടെ കയ്യിൽ പന്തേല്പിച്ചതോടെയാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. മൊയീൻ അലി എറിഞ്ഞ 15ആം ഓവറിലെ ആദ്യ പന്തിൽ ജോസ് ബട്ലർ ഫഖർ സമാനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പുറത്താവുമ്പോൾ 36 റൺസായിരുന്നു സമാൻ്റെ സമ്പാദ്യം.
കൃത്യം ആറ് ഓവറുകൾക്കു ശേഷം പാക്കിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. ഇത്തവണയും മൊയീൻ അലിക്ക് തന്നെയായിരുന്നു വിക്കറ്റ്. 44 റൺസെടുത്ത ഇമാമുൽ ഹഖിനെ മൊയീൻ അലി ക്രിസ് വോക്സിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ മുഹമ്മദ് ഹഫീസും ബാബർ അസമും ചേർന്ന് വീണ്ടും ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാരംഭിച്ചു. മികച്ച നിലയിൽ ബാറ്റ് ചെയ്ത ഇരുവരും വേഗത്തിൽ സ്കോർ ചെയ്തു. ഇതിനിടെ ബാബർ അസം 50 പന്തുകളിൽ തൻ്റെ ആദ്യ അർദ്ധസെഞ്ചുറി കുറിച്ചു. മൂന്നാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 33ആം ഓവറിലാണ് വേർപിരിയുന്നത്. മൊയീൻ അലി തന്നെയായിരുന്നു മൂന്നാമതും ഇംഗ്ലണ്ടിനു ബ്രേക്ക്ത്രൂ സമ്മാനിച്ചത്. അലിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ബാബർ അസം ക്രിസ് വോക്ക്സിൻ്റെ കൈകളിൽ അവസാനിച്ചു.
ഇതിനിടെ ആദിൽ രഷീദിൻ്റെ പന്തിൽ ജേസൻ റോയ് കൈവിട്ട മുഹമ്മദ് ഹഫീസ് 39 പന്തുകളിൽ അർദ്ധസെഞ്ചുറി തികച്ചു. ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വെക്കുന്ന ഇരുവരും മികച്ച നിലയിലാണ് ബാറ്റ് ചെയ്യുന്നത്. ഇതു വരെ 21 പന്തുകളിൽ 26 റൺസ് ഇരുവരും കൂട്ടിച്ചേർത്തിട്ടുണ്ട്.