ഇനി യുവരാജാവിന്റെ പുതിയ ഇന്നിങ്‌സ്; ഹൃദയം തൊടുന്ന ആശംസകളുമായി ക്രിക്കറ്റ് ലോകം

June 11, 2019

നിറകണ്ണുകളോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിങ് വിരമിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകമൊന്നാകെ ചെറുതായി ഒന്നു വിതുമ്പി. ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാണ് യുവരാജ് സിങ് എന്ന യുവി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആണ് ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കളമൊഴിയുന്നത്.

യുവരാജ് സിങ് ഇനി പുതിയ ഇന്നിങ്ങ്‌സിലേക്ക് കടക്കുന്നു. നിരവധി ക്രിക്കറ്റ് താരങ്ങളാണ് യുവിക്ക് ആംശകളുമായി രംഗത്തെത്തിയത്. വിരാട് കോഹ്ലി, ഋഷഭ് പന്ത്, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, വീരേന്ദ്ര സേവാഗ് തുടങ്ങി നിരവധി താരങ്ങള്‍ യുവിക്ക് ആശംസകള്‍ നേര്‍ന്നു.

2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ് യുവരാജ് സിങ്. 2003 ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇതിനോടകം തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും യുവരാജ് സിങ് കളിച്ചിട്ടുണ്ട്. 2000 ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്.


യുവി എന്നാണ് ആരാധകര്‍ യുവരാജ് സിങിനെ വിളിക്കുന്നത്. 2007ലെ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സ് അടിച്ചെടുത്ത യുവിയുടെ പ്രകടനം ഇന്നും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.