‘സൂപ്പർ ഹിറ്റ് ഗാനമേള’; ശ്രദ്ധേയമായി ‘ഗാനഗന്ധർവന്റെ’ പോസ്റ്റർ

July 7, 2019

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രമേശ് പിഷാരടിയുടെ നർമ്മ രസങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞതുമുതൽ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പ്രചാരണാർത്ഥം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ അണിയറക്കാർ പങ്കുവച്ചു. ഒറ്റനോട്ടത്തിൽ ഒരു ഗാനമേള ടീമിന്റെ പോസ്റ്റർ എന്ന് മാത്രമേ തോന്നൂ. എന്നാൽ പോസ്റ്ററിൽ മൈക്ക് പിടിച്ച് നിൽക്കുന്നത് മമ്മൂട്ടിയും സുരേഷ് കൃഷ്ണയും മനോജ് കെ ജയനടക്കമുള്ള താരങ്ങളുമാണ്.

അതേസമയം കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ആവേശം പകർന്നുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി രമേശ് എത്തിയത്. അതിന് പിന്നാലെ  പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

താരരാജാവ് മമ്മൂട്ടിയുടെ എല്ലാ കാലങ്ങളിലെയും മികച്ച സിനിമകളിലെ ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. ‘അതിരാത്രം’ മുതല്‍ ‘ഗ്രേറ്റ്ഫാദര്‍’ വരെയുള്ള സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെയാണ് ടീസർ മുന്നോട്ട് പോകുന്നത്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു’, എന്ന വാക്കുകളോടെയാണ് പിഷാരടി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

Read also: തകർന്നടിഞ്ഞ് ശ്രീലങ്ക; കരുത്തുകാട്ടി ടീം ഇന്ത്യ

‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. അതേസമയം ചത്രത്തിൽ നാല് നായികമാരാണ് ഉണ്ടായിരിക്കുകയെന്നും, അതിൽ മൂന്ന് പേരും പുതുമുഖങ്ങൾ ആയിരിക്കുമെന്നുമാണ് സൂചന. അതേസമയം മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.