സ്നേഹക്കാഴ്ചയുടെ വിരുന്നൊരുക്കി ‘മാര്‍ക്കോണി മത്തായി’യും കൂട്ടരും
ജീവിതം എന്നും പ്രണയപൂരിതമായിരിക്കണമെന്ന് കഥാകാരനായ വൈക്കം മുഹമ്മദ് പണ്ടേയ്ക്കു പണ്ടേ കുറിച്ചിട്ടതാണ്. ജീവിതം മുഴുവന്‍ പ്രണയസുരഭിലമാക്കിയവനാണ് നമ്മുടെ മത്തായിയും. മത്തായിക്കു ലോകത്തെ എല്ലാത്തിനോടും പ്രണയമാണ്. പ്രത്യേകിച്ച് റേഡിയോയിലൂടെ ഒഴുകിയെത്തുന്ന മനോഹര ഗാനങ്ങളോട്. അതുകൊണ്ടുതന്നെയാണ് അഞ്ചങ്ങാടി എന്ന ഗ്രാമത്തിലുള്ളവര്‍ മത്തായിയുടെ പേരിനൊപ്പം മാര്‍ക്കോണി എന്നുകൂടി ചേര്‍ത്ത് മാര്‍ക്കോണി മത്തായി എന്ന പേര് ചാര്‍ത്തിക്കൊടുത്തതും. ലോകത്തിലെ എല്ലാറ്റിനെയും പ്രണയിക്കുന്ന മത്തായിയുടെ സ്നേഹകഥയാണ് ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമ.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കുടുംബനായകന് ജയറാം മത്തായി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നു ഈ ചിത്രത്തില്‍. കുട്ടിക്കാലത്തുണ്ടായ പ്രണയതകര്‍ച്ചയെ തുടര്‍ന്ന് കുടുംബജീവിതം തന്നെ വേണ്ടെന്നുവച്ച് ലോകത്തെ എല്ലാറ്റിനോടും പ്രണയാമാണെന്നു പ്രഖ്യാപിച്ചു നടക്കുന്ന മത്തായി ഏവരുടെയും ഇഷ്ടം കവരുന്നുണ്ട്. സ്നേഹിക്കാന്‍ ഒരുപാട് പേര് ചുറ്റുമുണ്ടെങ്കിലും ഇടയ്ക്കെപ്പോഴോ ഒറ്റയ്ക്കായി പോകുന്ന മത്തായി ചെറിയ ഒരു നീറ്റലും പ്രേക്ഷകന്റെ ഉള്ളില്‍ നിറയ്ക്കുന്നു. ഇതുകൊണ്ടൊക്കെയാണ് ബാങ്കിലെ സെക്യൂരിറ്റിക്കാരനായ മത്തായി പ്രേക്ഷകന്റെ ഉള്ളില്‍ തുടക്കംമുതല്‍ക്കെ ഇടം നേടുന്നതും.
‘മക്കള്‍ സെല്വന്’ വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രം എന്ന നിലയില്‍തന്നെ മാര്‍ക്കോണി മത്തായി തീയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാര്‍ക്കോണി മത്തായി എന്ന സിനിമയെ മികച്ചതാക്കുന്നതില്‍ വിജയ് സേതുപതിക്കുള്ള പങ്കും ചെറുതല്ല. പ്രേക്ഷകന്റെ മനസില്‍ ആഴത്തില്‍ പതിയുന്നുണ്ട്, ചിത്രത്തിലെ വിജയ് സേതുപതിയുടെ ഓരോ ഡയലോഗുകളും. ഇവ സിനിമയ്ക്ക് ജീവന് പകരുന്നു. എഫ്എം റേഡിയോയിലെ ഒരു പ്രണയ പരിപാടിക്ക് അതിഥി അവതാരകനായി വിജയ് സേതുപതി എത്തുന്നതോടെ ഈ ചിത്രം കൂടുതല്‍ മനോഹരമകുന്നു. മത്തായിയുടെ പ്രണയം റേഡിയോയിലൂടെ നാട്ടുകാരറിയുന്നതും തുടര്‍ന്ന് മത്തായി പ്രേക്ഷകരെ രസിപ്പിക്കുന്നതുമെല്ലാം തീയറ്ററുകളില്‍ കൈയടി നിറയ്ക്കുന്നു.
തുടക്കം മുതല്‍ മനോഹരമാണ് ഈ ചിത്രം. പ്രേക്ഷകനെ ഒട്ടും ബോറഡിപ്പിക്കാത്ത മികച്ചൊരു ഫീല്‍ ഗുഡ് എന്റര്ടെയ്നര്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ ജയറാമിനെയും വിജയ് സേതുപതിയെയും വെള്ളിത്തിരയില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നുതന്നെ പറയാം. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മനോഹരമായ ദൃശ്യഭംഗിയും പ്രണയാര്‍ദ്രമായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്. സനില്‍ കളത്തില്‍, രജീഷ് മിഥില എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയും ഏറെ മികവുപുലര്‍ത്തുന്നുണ്ട്. സാജന് കളത്തിലാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അഭിനയകാര്യത്തില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. മത്തായിയുടെ പ്രണയിനി അന്നയായി ചിത്രത്തിലെത്തിയത് ആത്മിയ രാജനാണ്. ആ കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ജോയ് മാത്യു, നരേന്, അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ദേവി അജിത്ത് തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ കഥാപാത്രങ്ങളെ ചിത്രത്തില്‍ അവിസ്മരണീയമാക്കി.