വിജയ് പറഞ്ഞു, ദുൽഖർ പാടി ‘സഖാവേ’; ഗാനം കേൾക്കാം
തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നായകനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടവനായി മാറിയത്. വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രം ‘ഡിയര്‍ കോമ്രേഡി’ലെ ഗാനങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ‘മധുപോലെ പെയ്ത മഴയെ’ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ ‘സഖാവേ’എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. നാല് ഭാഷകളിലായി ചിത്രീകരിക്കപ്പെടുന്ന ചിത്രത്തിലെ മലയാളം വേർഷനിലാണ് ദുൽഖർ പാടുന്നത്. തമിഴില്‍ മക്കള്‍ശെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്.
ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും പറയുന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്.
ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് ഡിയർ കോമ്രേഡ്. ഇരുവരും ഒന്നിച്ച ഗീതാ ഗോവിന്ദം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു.
Read also: ഫേസ്ആപ്പിന് പിന്നാലെ പോകുന്നവരോട്.. സംഗതി അൽപം പ്രശ്നമാണ് കേട്ടോ..
ചിത്രത്തിൽ മലയാളി നടി ശ്രുതി രാമചന്ദ്രനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുജിത്ത് സാരംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന് പ്രഭാകരന് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. മൈത്രി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാലു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഉടൻ തിയേറ്ററുകളിൽ എത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.