ബോളിവുഡിലേയ്ക്ക് അരങ്ങേറ്റംകുറിച്ച് നിത്യ മേനോന്‍; പ്രശംസിച്ച് അക്ഷയ് കുമാര്‍: വീഡിയോ

July 23, 2019

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം മിഷന്‍ മംഗള്‍ എന്ന സിനിമയലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നിത്യാ മേനോന്‍. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റ്‌ലൈറ്റ് ഡീസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനോടനുബന്ധിച്ചുള്ള ഒരു വീഡിയോയാണ് ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുന്നത്. ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയില്‍ ഈ ഭാഗ്യത്തെ എങ്ങനെ കാണുന്നു എന്ന് മാധ്യമപ്രവര്‍ത്തകന്‍ നിത്യ മേനോനോട് ചോദിച്ചു. എന്നാല്‍ ഈ ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയത് അക്ഷയ് കുമാര്‍ ആണ്. അഭിനയത്തില്‍ ഇത് നിത്യയുടെ അരങ്ങേറ്റ ചിത്രമല്ലെന്നും തെലുങ്ക്, തമിഴ് ഭാഷകളില്‍ നിത്യ തിരക്കേറിയ നായികയാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പല ഭാഷകളിലായി നിരവധി പുരസ്‌കാരങ്ങള്‍ നിത്യ മേനോന്‍ നേടിയിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

അതേസമയം ബോളിവുഡില്‍ വളരെ മികച്ച അനുഭവമാണ് ലഭിച്ചതെന്നു നിത്യ മേനോന്‍ പറയുന്നു. ബോളിവുഡിലെ ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ അഭിമാനമുണ്ടെന്നും താന്‍ സന്തോഷവതിയാണെന്നും നിത്യ മേനോന്‍ പറഞ്ഞു. ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ലൊക്കേഷന്‍ അനുഭവങ്ങള്‍ മികച്ചതാണെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ എന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read more:തീയറ്ററുകളില്‍ ആസ്വാദനത്തിന്റെ മധുരം നിറയ്ക്കാന്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ വരുന്നു

‘ചൊവ്വയിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ ചിലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചിലവായത് 450 കോടി രൂപയാണ്. ഇത് വളരെകുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. എത്ര പണമാണ് നമ്മള്‍ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇതുവരെ വന്നില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ഏറ്റെടുത്തത്.’ അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോള ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി. വനിതാ ശാസ്ത്രജ്ഞരുടെ യഥാര്‍ത്ഥ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും എന്നും അക്ഷയ് കുമാര്‍ പറഞ്ഞു. വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഓഗസ്റ്റ് പതിനഞ്ചിന് മിഷന്‍ മംഗള്‍ എന്ന ചിത്രം തീയറ്ററുകളിലെത്തും.