മെഡിക്കൽ കമ്മീഷൻ ബിൽ; ഡോക്ടര്‍മാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും

ഡോക്ടർമാർ ഇന്ന് രാജ്യ വ്യാപകമായി പണിമുടക്കും. മെഡിക്കല്‍ കമ്മീഷന് ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിമുതൽ ആരംഭിച്ച സമരം 24 മണിക്കൂർ നീണ്ടു നിൽക്കും.
അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐ എം എ നടത്തുന്ന സമരത്തോട് കെ ജി എം ഒ എയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, അടിയന്തര ശസ്ത്രക്രിയ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്ക് തടസം വരാത്ത രീതിയില്‍ പ്രക്ഷോഭത്തിൽ സഹകരിക്കുമെന്നാണ് കെ ജി എം ഒ എ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ വിദ്യാർഥികൾ ഇന്ന് ക്ലാസുകൾ ബഹിഷ്കരിക്കും.
ചില സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനെന്ന വ്യാജേന മൂന്നരലക്ഷം വ്യാജഡോക്ടർമാർക്ക് ലൈസൻസ് നൽകാനുള്ള വ്യവസ്ഥകൾ ആരോഗ്യമേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എം ഇ സുഗതനും സെക്രട്ടറി ഡോ. സുൽഫി നൂഹുവും പറഞ്ഞു. നിയമനിർമാണത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നും അസോസിയേഷൻ ആവശ്യപെട്ടിട്ടുണ്ട്.