മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് ലോകമലയാളികളുടെ ആദരം; ‘അനന്തരം’: ഫ്ളവേഴ്‌സ് ടിവിയില്‍ തത്സമയം

July 28, 2019

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന പരിപാടിയാണ് ‘അനന്തരം’. നിരവധി ആളുകളാണ് ഫ്ളവേഴ്‌സ് ടിവിയിലെ പരിപാടിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചജീതിയത്. ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച പരിപാടിയ്ക്ക് രണ്ടാമതും സാക്ഷ്യം വഹിക്കുകയാണ് മലയാളികൾ. പത്ത് മണിക്കൂര്‍ നീളുന്ന തത്സമയ പരിപാടി രാവിലെ ഒമ്പത് മണിക്ക് തുടക്കമായി.

രോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം.

ക്ലേശങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോയപ്പോള്‍, എങ്ങനെയാണ് ഇതിനെയൊക്കെ അവര്‍ സധൈര്യം അതിജീവിച്ചതെന്നും കണ്ടെത്താനുള്ള ശ്രമംകൂടിയാണ് ഈ പരമ്പര. രോഗങ്ങളാൽ കുടുംബത്തിന്റെ താളം തെറ്റിയവരെ കണ്ടെത്തുകയും പതറാതെ അവരെ മുന്നോട്ട് കൈപിടിച്ചു നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനും ഈ പരിപാടി അവസരമൊരുക്കുന്നു. ഇത്തരം ആളുകള്‍ക്ക് സാമ്പത്തീകപരമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ തല്‍പരരായ സുമനസുകളുടെ സംഗമം കൂടിയാണ് ‘അനന്തരം’.

മറ്റുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്‌ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്നലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

മഹാ രോഗത്തിന്റെ മുമ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി കലാകാരന്മാര്‍ ഒരുക്കുന്ന വിസ്മയ വിനോദ കാഴ്ചയും ഈ പരിപാടിയുടെ മറ്റൊരു ആകര്‍ഷണമാണ്. രോഗാനന്തരം ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് അത്താണിയാകാന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാന്‍ ലോകമലയാളികള്‍ക്കും അവസരമൊരുങ്ങുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ. കാണാം, അനന്തരം ഫ്ളവേഴ്‌സ് ടിവിയില്‍ തത്സമയം.