ആന്‍റണി വര്‍ഗീസ് നായകനായി ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഒരുങ്ങുന്നു

July 22, 2019

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റാന്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്നാണ് ചിത്രത്തിന്റെ പേര്.

നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്‌ബോള്‍ കളി പ്രേമേയമാക്കിയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രം ഒരുങ്ങുന്നത്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഒരു ഫുട്‌ബോള്‍ താരമായാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ഹിഷാം എന്നാണ് ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more:“ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ”, എന്ന് ആരാധകന്‍; കൂളിങ് ഗ്ലാസ് വീട്ടിലേയ്ക്ക് അയച്ചുകൊടുത്ത് ഉണ്ണി മുകുന്ദന്‍

ബാലു വര്‍ഗീസ് , മനോജ് കെ ജയന്‍, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജല്ലിക്കെട്ട്’ എന്ന സിനിമയിലും ആന്റണി വര്‍ഗീസ് പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈ ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. ഏറെ സാഹസികത നിറഞ്ഞ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കെട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തീയറ്ററുകളെത്തുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.