തമിഴിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി ആന്റണി വർഗീസ്; ആദ്യ ചിത്രം വിജയ്‌ക്കൊപ്പം

July 27, 2019

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആന്റണി വര്‍ഗീസ്.  ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരം വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ തമിഴ് അരങ്ങേറ്റമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ആദ്യ ചിത്രം തമിഴ് ദളപതി വിജയ്‌ക്കൊപ്പമാണെന്നുള്ളതാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം.  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന.

അതേസമയം താരം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്‌ബോള്‍ കളി പ്രേമേയമാക്കിയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രം ഒരുങ്ങുന്നത്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഒരു ഫുട്‌ബോള്‍ താരമായാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ഹിഷാം എന്നാണ് ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബാലു വര്‍ഗീസ് , മനോജ് കെ ജയന്‍, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജല്ലിക്കെട്ട്’ എന്ന സിനിമയിലും ആന്റണി വര്‍ഗീസ് പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈ ചിത്രവും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്.  എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കെട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തീയറ്ററുകളെത്തുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.