ദേവസേനയായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകർ

July 12, 2019

മലയാളികളുടെ ഇഷ്ടതാരം അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാഹുബലി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സ്വീകരിച്ച ആരാധകരുടെ ഇഷ്ട കഥാപാത്രമാണ് ദേവസേന. അനുഷ്ക ഷെട്ടി അനശ്വരമാക്കിയ ഈ കഥാപാത്രമായി മാറിയിരിക്കുകയാണ് അനുശ്രീ. പുതിയ സിനിമ ‘സെയ്‍ഫി’ന്‍റെ ലൊക്കേഷനില്‍ നിന്നാണ് താരം താനും ദേവസേനയായെന്ന് പറഞ്ഞ് അമ്പെയ്ത്ത് പരിശീലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. അനുശ്രീയ്ക്കൊപ്പം   സംവിധായകൻ  പ്രദീപിനെയും ചിത്രത്തിൽ കാണാം.

സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് സെയ്ഫ്. മിഥുന്‍ രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ, കൃഷ്ണ ചന്ദ്രന്‍,ദിവ്യ പിള്ള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാജി പല്ലാരിമംഗലം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് എപ്പിഫാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരി മംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ്. രാഹുല്‍ സുബ്രമണ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.