ടാപ്പിംഗ് തൊഴിലാളിയായി ആസിഫ് അലി; പുതിയ ചിത്രം ഒരുങ്ങുന്നു

July 31, 2019

ഉയരെ’ എന്ന ചിത്രത്തിലെ ഗോവിന്ദിനെയും, വൈറസിലെ വിഷ്ണുവിനെയുമടക്കം ആസിഫ് അലിയുടെ കഥാപാത്രങ്ങളെല്ലാം മലയാളി പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം വിത്യസ്ഥത പുലർത്തുന്ന ആസിഫിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന മലയാളി ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട്  പുതിയ ചിത്രം ഒരുങ്ങുകയാണ്.  ചിത്രത്തിൽ ടാപ്പിംഗ് തൊഴിലാളിയായാണ് ആസിഫ് അലി എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഒരു കുടുംബകഥ പ്രമേയമാകുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് നായകനായി എത്തുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിസ്സാം ബഷീര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആസിഫിന്റെ നായികയായി എത്തുന്നത് വീണ നന്ദകുമാര്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിലാഷ്  എസ് ആണ്. പീരുമേട്, പാല എന്നിവടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.

‘അണ്ടർ വേൾഡ്’ എന്ന ചിത്രവും ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച അരുൺ കുമാർ അരവിന്ദന്റെ പുതിയ ചിത്രമാണ് അണ്ടർ വേൾഡ്. സ്റ്റാലിന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിൽ എത്തുന്നത്. ആസിഫിനൊപ്പം സഹോദരൻ ഫർഹാൻ ഫാസിലും മകൻ ആദം അലിയും  എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read also: മതിൽ ചാടി കടന്ന് ലാലേട്ടൻ; ശ്രദ്ധേയമായി ‘ബിഗ് ബ്രദറിന്റെ’ ഫസ്റ്റ് ലുക്ക്

ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടിയും സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കുകയാണ്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ ചിത്രത്തിന്റെ പേര്.