‘ബറോസി’ൽ സ്പാനിഷ് താരങ്ങളും; ചിത്രത്തിന്റെ വിശേഷങ്ങളുമായി മോഹൻലാൽ
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ മലയാള സിനിമാമേഖലയ്ക്ക് പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്. നീണ്ട 41 വർഷത്തെ സിനിമാജീവിതത്തിനിടെ ഈ കലാകാരൻ നടന്നുകയറിയത് ഓരോ മലയാളികളുടെയും ഹൃദയത്തിലേക്കാണ്. 1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം മുതല്‍ 2019ല്‍ തീയറ്ററുകളിലെത്തിയ ലൂസിഫര്‍ വരെ. 300 -ലധികം ചിത്രങ്ങളിലൂടെ എത്തി നില്ക്കുന്നു സൂപ്പര്‍സ്റ്റാറിന്റെ സിനിമ ചരിത്രങ്ങൾ. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമൊക്കെ ഇടം കണ്ടെത്തിയ താരം സിനിമ സംവിധാന രംഗത്തേക്ക് എത്തുന്നുവെന്ന വാർത്ത പ്രേക്ഷകർക്ക് ഏറെ സന്തോഷം പകർന്നിരുന്നു.
അഭിനയ രംഗത്തു നിന്നും സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലും സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് ആരാധകരും. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. ബറോസ് എന്നാണ് സിനിമയുടെ പേര്. കുട്ടികളുടെ ഫാന്റസി ചിത്രമാണ് ബറോസ്. ബറോസ് ത്രിഡിയിലാണ് ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്സ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗോവയിലാണ് ബറോസ്സ് എന്ന സിനിമയുടെ ചിത്രീകണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്. സ്പാനിഷ് താരമാണ് ചിത്രത്തിൽ എത്തുന്നത്. റഫേൽ അമാർഗോ, പാസ് വേഗ എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയന്. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന് ശ്രദ്ധേയനായത്.
ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ നേരത്തെ കുറിച്ചിട്ടുണ്ട്. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വിത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.