ചിത്രീകരണം പൂര്‍ത്തിയായി ‘ബ്രദേഴ്സ് ഡേ’ ഓണത്തിന്
ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഈ ഓണത്തോട് അനുബന്ധിച്ച് ബ്രദേഴ്സ് ഡേ തീയറ്ററുകളിലെത്തും.
അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്ട്ടിന്, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
അതേസമയം ബ്രദേഴ്സ് ഡേയുടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിനെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍ തന്നെ നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ‘പൃഥ്വിയെ തിരക്കഥ കാണിച്ചു, തിരക്കഥ ഇഷ്ടപെട്ട പൃഥ്വി ഇത് ചേട്ടന് തന്നെ സംവിധാനം ചെയ്യാനും പറഞ്ഞു. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയും ആഗ്രഹം പോലെ സിനിമ ചെയ്യണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. എന്നാല്‍ സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കഥ നന്നായി എഴുതാന്‍ കഴിയുന്ന ആള്‍ക്ക് അത് മനോഹരമായി സംവിധാനം ചെയ്യാന്‍ കഴിയുമെന്നും ചേട്ടന് തന്നെ ചെയ്താല്‍ മതിയെന്നും പൃഥ്വി പറയുന്നത്.’ ഷാജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ വാക്കുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടും നിരവധി പേര് രംഗത്തെത്തിയിരുന്നു.
‘ചേട്ടന് സംവിധാനം ചെയ്താല്‍ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കാന്‍ തയാറാണ് എന്നു കൂടി പൃഥ്വി പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പൃഥ്വിയെപ്പോലുള്ള ഒരാളുടെ ഡേറ്റ് കിട്ടാന്‍ നിരവധി ആളുകള്‍ കാത്തുനില്ക്കുമ്പോള് എന്നെപ്പോലുള്ള ഒരാളുടെ സിനിമയുടെ ഭാഗമാകാന്‍ പൃഥിരാജ് തയാറായി. ഒരു സംവിധായകന്റെ കുപ്പായം അണിയുവാനുള്ള ആത്മവിശ്വാസം നേടിത്തന്നത് പൃഥ്വിരാജാണ്’ എന്നും കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.