അപൂര്‍വ്വനേട്ടവുമായി ‘ചോല’; വെനീസ് ചലച്ചിത്രമേളയിലേയ്ക്ക്

July 26, 2019

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ചോല. നിമിഷ സജയനെയുംജോജു ജോര്‍ജ്ജിനെയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയതില്‍ ഈ ചിത്രം വഹിച്ച പങ്ക് ചെറുതല്ല. മറ്റൊരു അപൂര്‍വ്വ നേട്ടംകൂടി സ്വന്തമാക്കിയിരിക്കുകയാണ് ചോല എന്ന ചിത്രം. പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടിയിരിക്കുകയാണ് ചോല. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

മേളയില്‍ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിക്കുന്നത്. ലോകസിനിമയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സര വിഭാഗമാണ് ഒറിസോണ്ടി. അതേസമയം ഈ വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് ചോല. അതേസമയം ചിത്രത്തിന്റെ റെഡ് കാര്‍പെറ്റ് വേള്‍ഡ് പ്രിമിയറിന് സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, ഷാജി മാത്യു എന്നിവര്‍ പങ്കെടുക്കും.

Read more:‘ഇട്ടിമാണി’യായി മോഹന്‍ലാല്‍; ചിത്രത്തിന്‍റെ ചില അണിയറക്കാഴ്ചകളും വിശേഷങ്ങളും: വീഡിയോ

‘കുഞ്ഞുകുഞ്ഞു ചുവടുകള്‍ വെച്ചാണ് ഇപ്പോഴും നടക്കുന്നത്.. വലിയ കൊമ്പുകള്‍ കാണുമ്പോള്‍ പറന്നുചെന്നിരിക്കാന്‍ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിന്‍വലിയലാണ് ഇപ്പോഴും.. കുഞ്ഞു കുഞ്ഞു ചുവടുകള്‍ കൊണ്ടാണ് ചോലയും നടന്നു തീര്‍ത്തത്.. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്.. വളരെ വലിയ സന്തോഷം ..’ ചോലയുടെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എസ് ദുര്‍ഗയ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല.ജോജു ജോര്‍ജും നിമിഷ സജയനുമാണ് ചിത്രത്തില്‍ മുഖ്യ കഥാ പാത്രങ്ങളായി എത്തുന്നത്.പുതുമുഖം അഖില്‍ വിശ്വനാഥനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് ചിത്രത്തില്‍ നിമിഷ സജയന്‍ എത്തുന്നത്. എഴുത്തുകാരനായ കെ വി മണികണ്ഠനും സനല്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നീവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.