‘ഒറ്റക്ലിക്കിൽ മാറുന്ന തലവരകൾ’; വീഡിയോ ഷെയർ ചെയ്യുന്നവർ സൂക്ഷിക്കുക, ദുബായ് പൊലീസ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്…
താളിയോലകളുടെയും പുസ്തകങ്ങളുടെയും കാലത്തുനിന്നും മനുഷ്യൻ ഡിജിറ്റൽ ലോകത്തേക്ക് പിച്ചവച്ചുതുടങ്ങിയിട്ട് കാലം കുറച്ചായി…പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുകയാണ്..പണ്ടത്തെപ്പോലെ എല്ലാ സംശയങ്ങൾക്കും ആരോടെങ്കിലും ചോദിയ്ക്കാനോ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കാനുമൊന്നും ആരും മുതിരാറില്ല..എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരൽത്തുമ്പിൽ എത്തിക്കാൻ ഇന്റെർനെറ്റിന് കഴിയും…
ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ ഇതിനുമുണ്ട് നല്ലതും ചീത്തയും വശങ്ങൾ. ഒരൊറ്റ ക്ലിക്കില്‍ ലോകം മാറുന്ന ഈ സൈബര്‍ ലോകത്ത് അപ്പോഴേയ്ക്കും നമ്മുടെ തലവിധി തന്നെ മാറി മറിയാനും സാധ്യതയുണ്ട്. അനുവാദമില്ലാതെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നവർക്കും, അപകട വീഡിയോകൾ ഷെയർ ചെയ്യുന്നവർക്കുമെതിരെ കുരുക്ക് മുറുക്കുകയാണ് യുഎഇ പോലീസ്. ഭരണഘടനാ നിയമപ്രകാരം മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ എടുക്കുന്നതും ശിക്ഷാർഹമാണ്.
കല്യാണാഘോഷങ്ങളിലും പബ്ലിക് ഇവന്റുകളിലും ചിത്രങ്ങൾ പകർത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കാരണം അനുവാദമില്ലാതെ ചിത്രങ്ങൾ എടുത്തുവെന്ന് പറഞ്ഞ് ആരെങ്കിലും പോലീസിൽ പരാതി നൽകിയാൽ ക്യാമറാമാൻ കുടുങ്ങിയെന്നു തന്നെ ചുരുക്കം. ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് അനുവാദമില്ലാതെ സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റ് ചെയ്യുന്നുവെന്ന പേരിൽ നിരവധി പരാതികൾ ലഭിച്ചതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി പോലീസ് എത്തുന്നത്.
പൊതു സ്ഥലങ്ങളിൽ നടക്കുന്ന അപകടങ്ങളോ, അക്രമങ്ങളോ മൊബൈലിൽ ചിത്രീകരിച്ച് അധികൃതരുടെ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഷാർജാ പോലീസ് ഡെപ്യൂട്ടി കമാന്റർ- ജനറൽ ഓഫിസർ ബ്രിജാഡിയർ അബ്ദുല്ല മുബാറക്ക് ബിൻ അമീർ അറിയിച്ചു. ഇത്തരത്തിലുള്ള വീഡിയോകളോ ചിത്രങ്ങളോ എടുത്താൽ ആദ്യം അത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബര്‍ ലോകത്തുള്ളവരില്‍ 60-70 % പേരും അറിഞ്ഞോ അറിയാതെയോ സൈബര്‍ കെണികളില്‍ എത്തപെടാറുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാത്തതാണ് ഇത്തരത്തിൽ അബദ്ധത്തിൽ ചെന്നുചാടുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ കുട്ടികളിലും മുതിർന്നവരിലുമടക്കം സൈബർ ലോകത്തെക്കുറിച്ച് കൃത്യമായ ധാരണകൾ നൽകണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.
അശ്ലീല ചാറ്റിങ്ങ്, അക്കൗണ്ട് ഹാക്കിങ്ങ്, ബ്ലാക്ക് മെയിലിങ്ങ് തുടങ്ങി നിരവധി കേസുകളാണ് സൈബർ ലോകത്തുനിന്നും ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. രജിസ്റ്റർ ചെയ്യുന്നതിനേക്കാൾ എത്രയധികമായിരിക്കും ആരുമറിയാതെപോകുന്നവ…??
സൈബർ ലോകത്തെ കുറ്റകൃത്യങ്ങളിൽ അറിയാതെ ചെന്നെത്തുന്നവരും ഇരയാകുന്നവരും നിരവധിയാണ്.
സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം..
1. യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ മാത്രം സുഹൃദ് വലയങ്ങളിലേയ്ക്ക് ചേര്‍ക്കുക.
2. വ്യക്തിപരമായ വിവരങ്ങള്‍ അപരിചിതരോട് വെളിപ്പെടുത്താതിരിയ്ക്കുക.
3. സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്കാതിരിയ്ക്കുക, ഇനി അത്യാവശ്യ വിവരങ്ങള്‍ നല്കണമെന്നുണ്ടെങ്കില് അത് പരിചയമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയാവുന്ന വിധം സെറ്റ് ചെയ്യുക.
4. അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോ മെയിലുകളോ മുതലായവ പൂര്‍ണ്ണമായും ഒഴിവാക്കുക.
5. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്ഡ് കോളുകളെ തീര്‍ത്തും അവഗണിയ്ക്കുക
6. സ്വന്തം ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി നശിപ്പിച്ചു കളയുക. (അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സ്വന്തം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിയ്ക്കുന്നതു പോലും കുറ്റകൃത്യമാണ്).
7. തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, മിസ്സ്ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍ വിങ്ങില്‍ പരാതി പെടുക.
8. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്